LiveTV

Live

Kerala

യുവാവിനെ അധ്യാപികയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; അറസ്റ്റ്

സുഹൃത്തായ അധ്യാപിക രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവാവിനെ അധ്യാപികയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; അറസ്റ്റ്

കൊല്ലം കുളത്തൂപ്പുഴയില്‍ സുഹൃത്തിന്‍റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലയുടെ പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌ മോർട്ടം പ്രാഥമിക റിപ്പോർട്ട്‌. സുഹൃത്തായ അധ്യാപിക രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുളത്തുപ്പുഴ ഡീസന്റ്മുക്ക് ടി.എസ് ഭവനിൽ ദിനേശിനെ കഴിഞ്ഞ ദിവസമാണ് സുഹൃത്തായ അധ്യാപിക രശ്മിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറെ നാളുകളായി രശ്മിയുമായി സൗഹൃദത്തിലായിരുന്നു ദിനേശ്. രശ്മിയുടെ വീട്ടിലെത്തിയതിന് ശേഷം രണ്ട് പേരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ രശ്മി ദിനേശിനെ പിടിച്ചുതള്ളുകയായിരുന്നു. കട്ടിലിന്റെ പടിയിൽ തലയിടിച്ചുവീണ ദിനേശ് മരിച്ചു. തുടർന്ന് മൃതദേഹം ഒളിപ്പിക്കാൻ ശ്രമം നടന്നതിന്റെ ഭാഗമായിട്ടാണ് മൃതദേഹം വലിച്ചിഴച്ച് അടുക്കളക്ക് പുറത്തു വരെ എത്തിച്ചതെന്നും രശ്മി പൊലീസിനോട് പറഞ്ഞു.

രശ്മി അയൽവാസിയോട് തന്റെ വീട്ടിൽ പരിചയമില്ലാത്ത ഒരാൾ വന്നു കിടക്കുന്നു എന്നാണ് പറഞ്ഞത്. തുടർന്ന് അയൽവാസിയും മറ്റു നാട്ടുകാരും ചേർന്ന് പൊലീസിൽ വിവരം അറിയിച്ചു. ചോദ്യം ചെയ്യലിന്റ ആദ്യ ഘട്ടത്തിൽ രശ്മി കൊല നടന്നത് നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ്‌ ചെയ്ത രശ്മിയെ കോടതി റിമാൻഡ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് ദിനേശ്.