LiveTV

Live

Kerala

ഇ.പി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കര്‍ വിശദാംശങ്ങൾ ഇ.ഡി ആവശ്യപ്പെട്ടു

കേരള ബാങ്ക് കണ്ണൂർ റീജണൽ മാനേജറോടാണ് ഇ.ഡി വിവരങ്ങൾ തേടിയത്.

ഇ.പി ജയരാജന്‍റെ ഭാര്യയുടെ ബാങ്ക് ലോക്കര്‍ വിശദാംശങ്ങൾ ഇ.ഡി ആവശ്യപ്പെട്ടു

മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിരയുടെ ബാങ്ക് ലോക്കർ വിശദാംശങ്ങൾ തേടി എൻഫോഴ്സ്മെന്‍റ് ഡയറക്ടർ. ക്വാറന്‍റീനിൽ കഴിയവെ കേരള ബാങ്കിന്‍റെ കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്ന് ഇടപാട് നടത്തിയത് വിവാദമായിരുന്നു.

എന്നാണ് ലോക്കര്‍ ഓപൺ ചെയ്തത്, അവസാനം നടത്തിയ ഇടപാടുകൾ എന്നീ വിവരങ്ങളാണ് പ്രധാനമായും ഇ.ഡി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനൊപ്പം മന്ത്രി കുടുംബത്തിലെ മറ്റാർക്കെങ്കിലും ബാങ്കിൽ അക്കൗണ്ട് ഉണ്ടോ എന്നും ഉണ്ടെങ്കിൽ അതിന്‍റെ വിശദാംശങ്ങളും എൻഫോഴ്സ്മെന്‍റ് ആരാഞ്ഞിട്ടുണ്ട്. നേരത്തെ ബാങ്കിന്‍റെ ഇതേ ശാഖയിൽ മനേജരായിരുന്നു ഇന്ദിര. ഈ സമയം നാല് ലോക്കറുകളുടെ കീ നഷ്ടമായത് സംബന്ധിച്ച വിശദീകരണവും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന മന്ത്രിയുടെ ഭാര്യ ഇക്കഴിഞ്ഞ പത്താം തീയതി ഉച്ചയോടെയാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള കേരള ബാങ്കിന്‍റെ ശാഖയിലെത്തുകയും ലോക്കൽ തുറന്ന് ഇടപാടുകൾ നടത്തുകയും ചെയ്തത്. പിന്നാലെ മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിക്കുകയും ബാങ്കിലെ മൂന്ന് ജീവനക്കാർ നിരീക്ഷണത്തിൽ പോവുകയും ചെയ്തിരുന്നു.

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി പുത്രൻ ഒരു കോടിയോളം രൂപ കമ്മീഷൻ പറ്റിയെന്ന ആരോപണം നിലനിൽക്കെമായിരുന്നു ഇന്ദിര തിരക്കിട്ട് ബാങ്കിലെത്തി ലോക്കർ തുറന്നത്. ഇതിനിടെ സംഭവത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇ.പി ജയറാജന്‍റെ മട്ടന്നൂരിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.