LiveTV

Live

Kerala

'ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പ്പിക്കുന്നവരല്ല ജനങ്ങള്‍': മുഖ്യമന്ത്രി

രണ്ടേകാല്‍ ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് നാടിന്‍റെ നേട്ടമാണെന്ന് മുഖ്യമന്ത്രി

'ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പ്പിക്കുന്നവരല്ല ജനങ്ങള്‍': മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുടെ നേട്ടം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേട്ടം കരിവാരി തേക്കാന്‍ നെറികേടിന്‍റെ മാര്‍ഗം ഉപയോഗിച്ചു. രണ്ടേകാല്‍ ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് നാടിന്‍റെ നേട്ടമാണ്. ശരിയായ കാര്യം അവതരിപ്പിക്കരുതെന്ന മാനസികാവസ്ഥയാണ് മാധ്യമങ്ങള്‍ക്ക്. ജനങ്ങള്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പ്പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കൽ കോളജ് ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നാടിനാകെ അഭിമാനമായ ചടങ്ങാണ്. നാടാകെ ആഗ്രഹിച്ച കാര്യമാണ്. കുറച്ച് വൈകി എന്നത് വസ്തുതയാണ്. കെടുകാര്യസ്ഥതയുടെ ഫലമായി നിലച്ച പ്രവർത്തനം എല്‍ഡിഎഫ് സർക്കാരാണ് പുനരാരംഭിച്ചത്.

പദ്ധതി വൈകുന്നതിന് കാരണമായവർക്ക് ജാള്യത ഉണ്ടാകുന്നത് മനുഷ്യ സഹജമാണ്. ഒരു കൂട്ടർ ചടങ്ങ് ബഹിഷ്കരിച്ചത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമല്ല. ലോകം മുഴുവൻ മഹാമാരിയെ നേരിടുന്ന ഈ കാലത്ത് നമ്മുടെ ആരോഗ്യ രംഗത്തിന്‍റെ മികവ് തള്ളിക്കളയാനാവില്ല. ഇതൊക്കെ നമ്മുടെ കൺമുന്നിലുള്ള യാഥാർത്ഥ്യമാണ്. അതിനെ തള്ളിക്കളയാൻ ആർക്കെങ്കിലും ആകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കോവിഡ് വ്യാപനം ഇപ്പോൾ കുറച്ച് കൂടുകയാണ്. അതില്‍ സന്തോഷിക്കുന്നവരുണ്ട്. നേരത്തെ വ്യാപനം പിടിച്ച് നിർത്താൻ കഴിഞ്ഞിരുന്നു. നമ്മൾ ഇപ്പോഴും മരണം വലിയ തോതിൽ ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നിങ്ങള്‍ കാണുന്നതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.