LiveTV

Live

Kerala

ക്രിമിനല്‍ കേസിന് ആന്‍റി ക്ലൈമാക്സ്; ദമ്പതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഗുണ്ടാ ആക്രമണ കേസില്‍ വാദി തന്നെയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി

ക്രിമിനല്‍ കേസിന് ആന്‍റി ക്ലൈമാക്സ്; ദമ്പതികള്‍ അറസ്റ്റില്‍

സിനിമാ കഥയെ വെല്ലുന്ന ഒരു ക്രിമിനല്‍ കേസിന് ആന്‍റി ക്ലൈമാക്സ്. തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഗുണ്ടാ ആക്രമണ കേസില്‍ വാദി തന്നെയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. കുറ്റക്കാരായ ദമ്പതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരുടെ 13 വയസ്സുള്ള മകള്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

ആഗസ്റ്റ് 23ന് രാത്രി പേട്ടയില്‍ നടന്നൊരു ആക്രമണക്കേസ്. തങ്ങളെ ഒരു സംഘം ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിച്ചു എന്ന പരാതിയുമായി ചാക്ക സ്വദേശികളായ സുജിത് കൃഷ്ണയും ഭാര്യ സിതാരയും പേട്ട സ്റ്റേഷനില്‍ പരാതി നല്‍കുന്നു. ഇവരുടെ മുന്‍ കൂട്ടാളിയായിരുന്ന ശങ്കറും സംഘവുമാണ് ദേഹോപദ്രവമേല്‍പ്പിച്ചത് എന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെ ശങ്കറെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയിലായിരുന്ന ശങ്കര്‍ കാപാ കേസ് പ്രതിയും സിറ്റിയില്‍ പ്രവേശിക്കാന്‍ വിലക്കുള്ളയാളുമായിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

ഈ സംഭവങ്ങള്‍ നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ കേസിലെ വാദിക്കാരായ സുജിത് കൃഷ്ണ, ഭാര്യ സിതാര എന്നിവര്‍ വീട്ടില്‍ വിളിച്ചു വരുത്തി ഉപദ്രവിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്തു എന്നൊരു പരാതി നീതു എസ്.നായര്‍ എന്നയാളും ഭര്‍ത്താവും പേട്ട സ്റ്റേഷനില്‍ നല്‍കിയിരുന്നു. അന്ന് സുജിത്തിന്‍റെ വീട്ടില്‍ റെയിഡ് നടത്തിയെങ്കിലും പോലീസിന് തെളിവൊന്നും ലഭിച്ചില്ല. ഇനിയാണ് കേസിലെ ട്വിസ്റ്റ്. ശങ്കര്‍ ആക്രമിച്ചു എന്ന കേസ് പൊലീസ് വിശദമായി അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ പൊലീസിന് മുന്നേ സുജിത്തും സിതാരയും പേട്ടയിലെ കടകളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയതായി പൊലീസ് മനസ്സിലാക്കി.

സുജിത്തിന്‍റെ പശ്ചാത്തലം അന്വേഷിച്ച പൊലീസ് ഇയാള്‍ക്കെതിരെ പല സ്റ്റേഷനുകളിലായി 17 കേസുകളുണ്ടെന്ന് കണ്ടെത്തി. പട്ടി സുജിത്തെന്ന് അറിയപ്പെടുന്ന ഇയാളുടെ പ്രധാന ജോലി പലിശക്ക് പണം നല്‍കലായിരുന്നു. പലിശ മുടങ്ങിയാല്‍ വീട്ടില്‍ വിളിച്ചുവരുത്തി ബലമായി മുദ്രപത്രം എഴുതി വാങ്ങും. ഇതിന് സഹായിയായി നിന്ന ശങ്കര്‍ ചില കാരണങ്ങളാല്‍ സുജിത്തില്‍ നിന്നും തെറ്റി. വീട്ടില്‍ റെയിഡ് നടന്നതിന് പിന്നില്‍ ശങ്കറാണെന്ന് തെറ്റിദ്ധരിച്ച് ശങ്കറിനെ മൊബൈലില്‍ വിളിച്ചു പ്രകോപിപ്പിക്കുകയും 23ന് രാത്രി പേട്ടയില്‍ വിളിച്ചുവരുത്തി വാഹനം ഇടിച്ച് കൊല്ലാനും ശ്രമിക്കുകയായിരുന്നു.

സത്യം പൊലീസ് മനസ്സിലാക്കുന്നു എന്നറിഞ്ഞ സുജിത്ത് മകളെ കൊണ്ട് നീതി വേണമെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് വരെ കത്തയച്ചു. KL-01-BU 25 വെള്ള ഇന്നോവ കാര്‍ ഇന്നലെ പൊലീസ് പിടിച്ചെടുത്തു. സുജിത്തിനെയും സിതാരയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശങ്കറെ വാഹനം കൊണ്ട് ഇടിച്ചത് സിതാരയാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയില്‍ അച്ഛനെയും അമ്മയെയും കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് ഇവരുടെ 13 വയസ്സുള്ള മകള്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.