LiveTV

Live

Kerala

പ്രതികരിക്കാതെ കെ ടി ജലീൽ; രാജി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ ഇന്നും തുടരും

രണ്ട് ദിവസമായി മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ തുടരുന്ന മന്ത്രി, ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങിയേക്കും.

പ്രതികരിക്കാതെ കെ ടി ജലീൽ; രാജി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ ഇന്നും തുടരും

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് മൂന്നാം ദിനവും പ്രതികരണത്തിനില്ലെന്നുറച്ച് മന്ത്രി കെ.ടി.ജലീൽ. രണ്ട് ദിവസമായി മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ തുടരുന്ന മന്ത്രി, ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങിയേക്കും.

മന്ത്രി കെ.ടി ജലീലിന്റെ രാജിക്കായി പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. എന്നാൽ ഒന്നും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് മന്ത്രി. പലതും മറക്കാനുള്ളത് കൊണ്ടാണ് ജലീൽ പ്രതികരിക്കാത്തതെന്നാണ് പ്രതിപക്ഷ ആരോപണം. പക്ഷേ ഈ ഘട്ടത്തിൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് എൽഡിഎഫ്‌ നിർദ്ദേശം നൽകിയതായാണ് വിവരം. കേസിന്റെ ആദ്യ ഘട്ടത്തിൽ മന്ത്രി തിടുക്കത്തിൽ നടത്തിയ പ്രതികരണം ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നാണ് വിലയിരുത്തൽ. ഇടത് മുന്നണി നേതാക്കളുടെ പിന്തുണ ലഭിച്ചതോടെ പൂർണ ആത്മവിശ്വാസത്തിലാണ് ജലീൽ.

വീടിന് പുറത്തേക്കിറങ്ങിയില്ലെങ്കിലും പ്രതിഷേധങ്ങൾ വകവയ്ക്കാതെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകൾ ഇന്നലത്തെപ്പോലെ ഇന്നും വീട്ടിൽ തുടർന്നേക്കും. നിശ്ചിത സമയത്തിനുള്ളിൽ ഇ.ഡി വീണ്ടും ചോദ്യംചെയ്യലിന് വിളിച്ചില്ലെങ്കിൽ അപ്പോൾ പ്രതികരിക്കുമെന്നും മന്ത്രിയോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം മന്ത്രിയുടെ രാജി വരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്. തവനൂരിലെ എംഎൽഎ ഓഫീസിലേക്കും വളാഞ്ചേരിയിലെ വീട്ടിലേക്കുമുൾപ്പെടെ പ്രതിഷേധം ഇന്നും തുടരും.