LiveTV

Live

Kerala

ഇ.ഡിക്കെതിരായ കോണ്‍ഗ്രസ് വിമര്‍ശനം ചൂണ്ടിക്കാട്ടി സിപിഎം; ന്യായീകരണം തള്ളി പ്രതിപക്ഷം

കേന്ദ്ര സർക്കാർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ദേശീയ തലത്തിൽ കോൺഗ്രസും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു

ഇ.ഡിക്കെതിരായ കോണ്‍ഗ്രസ് വിമര്‍ശനം ചൂണ്ടിക്കാട്ടി സിപിഎം; ന്യായീകരണം തള്ളി പ്രതിപക്ഷം

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടികളെ വിമർശിച്ച് മന്ത്രി കെ ടി ജലീലിനെ പൂർണമായും സിപിഎം നേതൃത്വം പിന്തുണക്കുമ്പോഴും മന്ത്രിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരും. സിപിഎം തങ്ങൾക്ക് നേരെ ഉയർത്തിയ വിമർശനങ്ങളേയും പ്രതിപക്ഷം തള്ളി.

കേന്ദ്ര സർക്കാർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ദേശീയ തലത്തിൽ കോൺഗ്രസും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികളെ ഇ.ഡി വേട്ടയാടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമസഭയിൽ തന്നെ പറഞ്ഞിരുന്നു. ഇതെല്ലാം ചൂട്ടിക്കാട്ടിയാണ് ഇ.ഡി ചോദ്യംചെയ്തതിന്‍റെ പേരിൽ കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ സിപിഎം നേതൃത്വം രംഗത്ത് വന്നത്. എന്നാൽ ഓരോ കേസിലേയും സാഹചര്യങ്ങൾ പരിശോധിച്ചാണ് നിലപാട് സ്വീകരിക്കുന്നതെന്ന മറുപടിയാണ് പ്രതിപക്ഷ നേതാക്കൾ നൽകുന്നത്.

മാത്രമല്ല ചോദ്യംചെയ്യൽ കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും കാര്യങ്ങൾ വിശദീകരിക്കാൻ മന്ത്രി തയ്യാറാകാത്തതും പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. ജലീലിനെ ചോദ്യം ചെയ്തതിനെ സാധാരണ നടപടി ക്രമമായി അവതരിപ്പിക്കാനാണ് മന്ത്രിമാരടക്കമുള്ളവർ ശ്രമിച്ചത്. എന്നാൽ സംസ്ഥാന ചരിത്രത്തിലാദ്യമായി കള്ളക്കടത്ത് കേസിൽ ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തത് കേരളത്തിനാകെ അപമാനമാണെന്ന പ്രചാരണം ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ നീക്കം. ഈ സർക്കാരിലെ മൂന്ന് മന്ത്രിമാർ രാജിവെച്ചതിനേക്കാൾ ഗൗരവമുള്ള സാഹചര്യം ജലീലിന്‍റെ കാര്യത്തിലുണ്ടെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തി കഴിഞ്ഞു.