LiveTV

Live

Kerala

സംഘ്‍പരിവാർ കൊലപാതകങ്ങൾക്കെതിരെ നിർഭയ നിലപാടെടുക്കണം: ഉലമ സംയുക്ത സമിതി

കണ്ണൂരിൽ സയ്യിദ് സലാഹുദ്ദീൻ എന്ന മുസ്‌ലിം യുവാവ് ആർ.എസ്.എസുകാരാൽ കൊല ചെയ്യപ്പെട്ട സംഭവത്തെ ഉലമ സംയുക്ത സമിതി അപലപിച്ചു.

സംഘ്‍പരിവാർ കൊലപാതകങ്ങൾക്കെതിരെ നിർഭയ നിലപാടെടുക്കണം: ഉലമ സംയുക്ത സമിതി

കണ്ണൂരിൽ സയ്യിദ് സലാഹുദ്ദീൻ എന്ന മുസ്‌ലിം യുവാവ് ആർ.എസ്.എസുകാരാൽ കൊല ചെയ്യപ്പെട്ട സംഭവത്തെ ഉലമ സംയുക്ത സമിതി അപലപിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിലെ യഥാർഥ പ്രതികളെ മുഴുവൻ ഉടൻ അറസ്റ്റു ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താൻ സർക്കാർ ആത്മാര്‍ത്ഥ കാണിക്കണമെന്നും സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അടുത്ത കാലത്തായി പോലീസിൽ വളർന്നു വരുന്ന വർഗീയ ദു:സ്വാധീനം കേസന്വേഷണത്തെയും മേൽ നടപടികളെയും ബാധിക്കാതിരിക്കാൻ അധികാരികൾ ജാഗ്രത പാലിക്കണം. ഇസ്‌ലാമിക ജീവിതക്രമം പാലിച്ചു പോന്ന നീതിയുടെ പക്ഷംപിടിച്ചതിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടി വന്ന സയ്യിദ് സലാഹുദ്ദീന് സമുദായം അർഹിക്കുന്ന ആദരവ് നൽകേണ്ടതുണ്ട്. രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസത്തെ ജനാധിപത്യപരമായി ചെറുത്തു തോല്പിക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടിയുടെ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഒറ്റപ്പെടുത്തണം.

ഫാഷിസത്തിനെതിരായ സമരമുഖത്തെ വിശാലാർഥത്തില്‍ കാണേണ്ട ഘട്ടമാണിത്. രാജ്യമൊട്ടുക്കും മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു കൊന്നു തള്ളുന്ന ആർ.എസ്.എസിന്റെ നിഷ്ഠൂര ചെയ്തികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ സമുദായ സംഘടനകളും മതേതര പാർട്ടികളും മുന്നോട്ടു വരേണ്ടതുണ്ട്. രാജ്യത്ത് ആർ.എസ്.എസ് നടത്തുന്ന ഭീകര താണ്ഡവത്തിനു മുന്നില്‍ പകച്ചുപോവാതെ ആർജ്ജവത്തോടെ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന യുവാക്കൾ രാജ്യത്തിനും സമുദായത്തിനും അഭിമാനവും ആത്മവിശ്വാസവുമാണ് നൽകുന്നത്.

സംഘടനാ-കക്ഷി-രാഷ്ട്രീയ ഭേദമെന്യേ അവരെ പിന്തുണയ്ക്കേണ്ട ബാധ്യത എല്ലാ സംഘടനകൾക്കും മതപണ്ഡിതന്മാർക്കുമുണ്ട്. ആർ.എസ് എസ് ആക്രമണങ്ങൾക്കെതിരെ ചെറുത്തു നില്പുണ്ടാവുമ്പോൾ മാത്രം തീവ്രവാദത്തിനെതിരെ പ്രചാരണം നടത്തുന്നവർ സംഘപരിവാർ ആസൂത്രണം ചെയ്യുന്ന കൊലകളിലെ ഭീകരതയ്ക്കെതിരെ രംഗത്തു വരാതിരിക്കുന്നത് ഭയം അവരെ ഭരിക്കുന്നതുകൊണ്ടാണ്.

അടുത്ത കാലത്ത് രാഷ്ട്രീയ കൊലയ്ക്ക് ഇരകളായ ഹഖ് മുഹമ്മദിനെയും മിദ്ലാജിനെയും കൊലപ്പെടുത്തിയ യഥാർഥ പ്രതികളെ കണ്ടെത്തി മുഖം നോക്കാതെ ശിക്ഷ ഉറപ്പുവരുത്താനും സർക്കാർ സന്നദ്ധമാവണം. കൊലപാതക രാഷ്ട്രീയം ഒന്നിനും പരിഹാരമല്ല. അത് നാടിന്റെ സമാധാനം തകർക്കാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. സമുദായവും രാജ്യവും നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിക്കു മുമ്പിൽ ചകിതരാവാതെ ഒറ്റക്കെട്ടായി സധൈര്യം മുന്നോട്ടു പോവാൻ സംഘടനകൾക്കും നേതാക്കൾക്കും കഴിയണമെന്നും ഉലമ സംയുക്ത സമിതി നേതാക്കൾ അഭിപ്രായപ്പെട്ടു.

പ്രസ്താവനയിൽ സമിതി ചെയര്‍മാന്‍ എസ് അര്‍ഷദ് അല്‍ ഖാസിമി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി. എച്ച് അലിയാർ മൗലവി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി, ഖതീബ്സ് ആന്റ് ഖാസിഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്റാഹീം ബാഖവി, തിരുവനന്തപുരം നാഇബ് ഖാദി ആബിദ് മൗലവി അല്‍ ഹാദി, മുസ്‌ലിം മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി,

മന്നാനീസ് അസോസിയേഷന്‍ ജന: സെക്രട്ടറി ഷഹീറുദ്ദീന്‍ മന്നാനി, അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍ വർക്കിംഗ് പ്രസിഡൻറ് കട്ടപ്പന അബ്ദുന്നാസർ മൗലവി, അല്‍ ഹാദി അസോസിയേഷന്‍ ജന. സെക്രട്ടറി സൈനുദ്ദീന്‍ ബാഖവി, ഷംസുദ്ദീൻ മന്നാനി ഇലവുപാലം ഖതീബ് താഴത്തങ്ങാടി ജുമാ മസ്ജിദ്, ഖാലിദ് മൂസ നദ്‌വി ഖതീബ് വളയന്നൂർ ജുമാ മസ്ജിദ് കുറ്റ്യാടി, കൈഫ് സംസ്ഥാന ജന. സെക്രട്ടറി ഷാഹുല്‍ ഹമീദ് ഖാസിമി,

ഉലമ സംയുക്ത സമിതി വൈസ് ചെയര്‍മാന്മാരായ കരമന അശ്‌റഫ് മൗലവി, ഇ പി അബൂബക്കര്‍ അല്‍ ഖാസിമി, നവാസ് മന്നാനി പനവൂർ, നാസിമുദ്ദീന്‍ മന്നാനി, വി. എം ഫത്ഹുദ്ദീൻ റഷാദി, ജനറല്‍ കണ്‍വീനര്‍ അര്‍ഷദ് മുഹമ്മദ് നദ് വി, കണ്‍വീനര്‍മാരായ മുഹമ്മദ് അഫ്സല്‍ ഖാസിമി, ഫിറോസ് ഖാന്‍ ബാഖവി പൂവച്ചല്‍, നിസാറുദ്ദീന്‍ മൗലവി അഴിക്കോട്, അബ്ബാസ് മൗലവി, മുഹമ്മദ് ലുത്ഫുല്ലാ മൗലവി മുവാറ്റുപുഴ, നുജ്മുദ്ദീന്‍ മൗലവി ചടയമംഗലം, അബ്ദുല്‍ ഹാദി മൗലവി, അബ്ദുസ്സലാം മൗലവി ഒപ്പുവച്ചു.