LiveTV

Live

Kerala

വിശ്വാസികളുടെ ഒത്തുചേരലുകള്‍ ഒഴിവാക്കി വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 13 ന് നടക്കും

തിരുകർമ്മങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ ബസിലിക്കയിൽ ആചരിക്കും

വിശ്വാസികളുടെ ഒത്തുചേരലുകള്‍ ഒഴിവാക്കി വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 13 ന് നടക്കും

ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിലെ ഈ വർഷത്തെ മരിയൻ തീർത്ഥാടനം, കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ ഒത്തുചേരലുകൾ ഒഴിവാക്കി ആചരിക്കും. ജപമാലയും കൈകളിലേന്തി പ്രാർത്ഥനാ ചൈതന്യത്തോടെ എറണാകുളത്തു നിന്നും വൈപ്പിനിൽ നിന്നും കാൽനടയായി വല്ലാർപാടത്തമ്മയുടെ സന്നിധിയിലേക്ക് നടത്തുന്ന തീർത്ഥാടനം കേരളത്തിലെ ക്രൈസ്തതവ വിശ്വാസികളുടെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടനമാണ്. കോവിഡ് രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി. ഈ വർഷം വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തീർത്ഥാടനം ഒഴിവാക്കി. തിരുകർമ്മങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ ബസിലിക്കയിൽ ആചരിക്കുമെന്ന് ലത്തീന്‍‌ സഭ വരാപ്പുഴ അതിരൂപതാധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു.

സെപ്റ്റംബർ പതിമൂന്നാം തീയതി ഞായറാഴ്ച വൈകീട്ട് 4 ന് ആഘോഷമായ ജപമാലയും തുടർന്ന് അതിരൂപതാ മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയും അര്‍പ്പിക്കും. റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി വചന പ്രഘോഷണം നടത്തും. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത വിശ്വാസസമൂഹത്തെ പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്കു അടിമസമർപ്പണം നടത്തും. വിവിധ ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. തീർത്ഥാടനത്തിനു മുന്നോടിയായി സെപ്റ്റംബർ 12 ന് ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സമൂഹ കുമ്പസാരവും പൊതുപാപമോചന ശുശ്രൂഷയും നടത്തപ്പെടും. വല്ലാർപാടത്തമ്മയുടെ ഈ വർഷത്തെ തിരുനാൾ സെപ്റ്റംബർ 16 ന് കൊടിയേറ്റത്തോടെ ആരംഭിച്ച് 24 ന് സമാപിക്കും. മരിയൻ തീർത്ഥാടനത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബസിലിക്ക റെക്ടർ റവ. ഫാ. മൈക്കിൾ തലക്കെട്ടി അറിയിച്ചു.