LiveTV

Live

Kerala

സ്വാമി അഗ്നിവേശ്: സമാധാനത്തിന്‍റെയും ധർമ സമരത്തിന്‍റെയും വക്താവ്

ജനാധിപത്യ സംഘങ്ങളുമായി സഹകരിച്ച് ഏകാധിപത്യ പ്രവണതകൾക്കെതിരെ പോരടിച്ച സന്യാസിവര്യനെയാണ് സ്വാമി അഗ്നിവേശിന്‍റെ മരണത്തോടെ നഷ്ടമായത്

സ്വാമി അഗ്നിവേശ്: സമാധാനത്തിന്‍റെയും ധർമ സമരത്തിന്‍റെയും വക്താവ്

നിയമസഭാംഗമായി പ്രവർത്തിച്ചിട്ടുള്ള സ്വാമി അഗ്നിവേശ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലെ ഒന്നാമനായിരുന്നു. പ്രമുഖ ആര്യസമാജ പണ്ഡിതനായ സ്വാമി രാജ്യത്തിനകത്തും പുറത്തും സാമൂഹ്യ രംഗത്തെ പ്രധാനിയായിരുന്നു. എല്ലാ മത ജാതി വിഭാഗങ്ങളുമായുള്ള സം‌വാദം, സമാധാനത്തിനായുള്ള സമരങ്ങൾ, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്‍റെ സേവനമേഖലയായിരുന്നു. കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കൽ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹം കലഹിച്ചു. ഹിന്ദു‌ ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും ജാതിഭേദമന്യേ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടി മുന്നിൽ നിന്ന് കലഹിച്ചു.

സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് അന്തരിച്ചു
Also Read

സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് അന്തരിച്ചു

1939-ൽ ഇന്നത്തെ ഛത്തീസ്‌ഗഢിലെ ജൻ‌ജ്ഗീർ-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവുവിന്‍റെ ജനനം. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൽക്കട്ടയിലെ സെന്‍റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്‍റില്‍ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനക്ക് വണ്ടി കയറി. അവിടെ വെച്ചാണ് ആര്യസമാജത്തിൽ ചേർന്നതും സന്യാസം സ്വീകരിക്കുകയും ചെയ്തത്. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം രൂപീകരിച്ചു. 1977 ൽ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയാകുകയും ചെയ്തു.
ബുദ്ധമുക്തി മോർച്ചയുടെ അധ്യക്ഷൻ, ഇന്‍റർനാഷണൽ കമ്മീൺ ഓഫ് ജൂറിസ്റ്റിന്‍റെ പ്രതിനിധി, ഇന്‍റർനാഷണൽ ആന്‍റി സ്ലേവറി സൊസൈറ്റിയുടെ നേതാവ് എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു. വേദിക സോഷ്യലിസം, റിലീജിയൺ റെവല്യൂഷൺ ആൻഡ് മാർക്സിസം, വൽസൻ തമ്പുവുമായി ചേരന്നെഴുതിയ 'ഹാർ‌വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അൻഡർ സീജ്', ഹിന്ദുയിസം ഇൻ ന്യൂ ഏജ് തുടങ്ങിയ രചനകളും നിർവഹിച്ചു. പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യമുന്നയിച്ചതിനാൽ പൂജാരിമാരുടെ ശക്തമായ വിമർശനമേൽക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആവശ്യം ശുദ്ധ ഹിന്ദുവിരുദ്ധ സ്വഭാവമുള്ളതാണെന്ന് ആരോപണം ഉയർന്നു. ഇതിന്‍റെ പേരിൽ തന്‍റെ സ്വന്തം സംഘടനയിൽ നിന്നും അദ്ദേഹത്തിന്‌ വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. അഗ്നിവേശ് കപട ആര്യസമാജനാണെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റാണ്‌ എന്നും വിമർശിക്കപ്പെട്ടു. 1995 ൽ ആര്യസമാജിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി.

സ്വാമി അഗ്നിവേശ്: സമാധാനത്തിന്‍റെയും ധർമ സമരത്തിന്‍റെയും വക്താവ്
ഝാർഖണ്ഡില്‍ വെച്ച് 2018ല്‍ സ്വാമി അഗ്നിവേശിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍


കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ ആവേശമായിരുന്നു അഗ്നിവേശ്. പല സന്ദർഭങ്ങളിലും സംഘ് പരിവാർ സംഘടനകളുമായി കലഹിച്ചു. കേരളത്തിൽ വെച്ച് അദ്ദേഹത്തിന് നേരെ ആർ.എസ്.എസ് ആക്രമണം ഉണ്ടാകുകയും ചെയ്തു. രാജ്യത്തെ ന്യൂനപക്ഷ വേട്ട, ആൾക്കൂട്ട കൊലപാതകം അടക്കമുള്ള കാര്യങ്ങളിൽ നിലപാടെടുത്തതാണ് സംഘ് പരിവാർ ശത്രുതക്ക് കാരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും അദ്ദേഹം മുസ്‍ലിം ന്യൂനപക്ഷത്തിനൊപ്പം നിന്നു. കേരളം അടക്കമുള്ള സ്ഥലങ്ങളിൽ സമാധാന സന്ദേശവുമായി നിരവധി യാത്രകളാണ് നടത്തിയത്. രാജ്യത്തിന് പുറത്തും ഇന്ത്യയുടെ സമാധാന സന്ദേശകനായി അദ്ദേഹം ഓടി നടന്നു. ഫോറം ഫോർ ഡെമോക്രസി ആന്‍റ് കമ്യൂണൽ അമിറ്റി (FDCA) യുടെ ഭാരവാഹിയായി രാജ്യത്ത് അദ്ദേഹം നിരവധി പ്രശ്നങ്ങളിൽ ഇടപെട്ടു. ജനാധിപത്യ സംഘങ്ങളുമായി സഹകരിച്ച് ഏകാധിപത്യ പ്രവണതകൾക്കെതിരെ പോരടിച്ച സന്യാസിവര്യനെയാണ് സ്വാമി അഗ്നിവേശിന്‍റെ മരണത്തോടെ നഷ്ടമായത്.