LiveTV

Live

Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എളുപ്പമല്ല ആറ് മാസത്തിനകം പണം തിരിച്ചുനല്‍കല്‍

സ്ഥാപനം നഷ്ടത്തിലായതോടെ തുടക്കം മുതലുണ്ടായിരുന്ന പല ഡയറക്ടര്‍മാരും ഒഴിഞ്ഞ് പോയിരുന്നു.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എളുപ്പമല്ല ആറ് മാസത്തിനകം പണം തിരിച്ചുനല്‍കല്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ക്ക് പണം ആറ് മാസത്തിനകം തിരിച്ച് നല്‍കണമെന്ന കര്‍ശന നിര്‍ദേശം പാലിക്കാന്‍ സ്ഥാപന മേധാവികള്‍ കുറച്ചധികം വിയര്‍ക്കേണ്ടിവരും. സ്ഥാപനം നഷ്ടത്തിലായതോടെ തുടക്കം മുതലുണ്ടായിരുന്ന പല ഡയറക്ടര്‍മാരും ഒഴിഞ്ഞ് പോയിരുന്നു. ഇവര്‍ക്ക് നഷ്ടത്തിന്റെ ബാധ്യതയില്‍ നിന്നും മാറിനില്‍ക്കാനാവില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ‌ഇവരുടെ കൂടി പങ്കാളിത്തത്തോടെ പ്രശ്നം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ ആസ്തിയും ബാധ്യതയും ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്രമാഹിന്‍ ഹാജിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ചെറുവത്തൂരിലാണ് നിലവില്‍ ഫാഷന്‍ ഗോള്‍ഡിന് കെട്ടിടമുള്ളത്. ഈ ആസ്തി നിലവിലെ പ്രശ്ന പരിഹാരത്തിന് മതിയാവില്ല. ഇത് കാരണം ഡയറക്ടര്‍മാരുടെ ആസ്തികൂടി ശേഖരിച്ചാവും നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്തുക. ഇതിനായി ബാധ്യതുടെ കൃത്യമായി കണക്ക് മാഹിന്‍ ഹാജിയുടെ നേതൃത്വത്തില്‍ ശേഖരിക്കും. സാമ്പത്തിക ഭദ്രതയുള്ള നിക്ഷേപകരോട് പണം തിരിച്ച് നല്‍കുന്നതിന് അവധി വാങ്ങുകയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യും. പണം നിക്ഷേപിച്ച സാധാരണക്കാരുടെ ലിസ്റ്റ് തയ്യാറാക്കി പണം തിരിച്ച് കൊടുക്കുന്നതിനുള്ള നടപടിയാവും സ്വീകരിക്കുക.

മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ തന്റെ മുഴുവന്‍ ആസ്തികളും മക്കളുടെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ വഹിക്കുന്ന മുഴുവന്‍ ഉത്തരവാദിത്വവും ഫാഷന്‍ ഗോള്‍ഡ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ ഒഴിയണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് പൂക്കോയ തങ്ങള്‍ ജില്ലാ പ്രവര്‍ത്തക സമിതിയില്‍ നിന്നും ഒഴിയും.

പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ള ചില ഡയറക്ടര്‍മാരുടെ വഴിവിട്ട പ്രവര്‍ത്തനമാണ് സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ലീഗ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ പ്രശ്നം ഉടന്‍ പരിഹരിക്കാനാവുമെന്നും ആറ് മാസം കൊണ്ട് നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കാനാവുമെന്നുമാണ് എം സി കമറുദ്ദീന്‍ എംഎല്‍എയുടെ പ്രതീക്ഷ.