LiveTV

Live

Kerala

അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സ്കോളര്‍ഷിപ്പിന്‍റെ വിതരണം മുടങ്ങി

മാനേജ്മെന്‍റ് സീറ്റില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കേണ്ടെന്നാണ് കേന്ദ്ര നിലപാട്. പഴയ മാനദണ്ഡപ്രകാരം സ്കോളര്‍ഷിപ്പ് നല്‍കാമെന്ന് സംസ്ഥാനം തീരുമാനമെടുത്തെങ്കിലും നടപ്പായില്ല

അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സ്കോളര്‍ഷിപ്പിന്‍റെ വിതരണം മുടങ്ങി

കേന്ദ്ര മാനദണ്ഡം പുതുക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സ്കോളര്‍ഷിപ്പിന്‍റെ വിതരണം മുടങ്ങി. മാനേജ്മെന്‍റ് സീറ്റില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കേണ്ടെന്നാണ് കേന്ദ്ര നിലപാട്. പഴയ മാനദണ്ഡപ്രകാരം സ്കോളര്‍ഷിപ്പ് നല്‍കാമെന്ന് സംസ്ഥാനം തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. സ്കോളര്‍ഷിപ്പ് പ്രതീക്ഷിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍.

പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിന് പുറത്തുപോയി പഠിക്കാനുള്ള അവസരമൊരുക്കാനാണ് കേന്ദ്ര സര്‍ക്കാര‍് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്. ആയിരത്തലധികം വിദ്യാര്‍ഥികള്‍ ഈ ആനുകൂല്യം ഉപയോഗിച്ച് പഠനം തുടങ്ങി.

2018 ഏപ്രിലില്‍ സ്കോളര്‍ഷിപ്പ് മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം കൊണ്ടു വന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. മാനേജ്മെന്‍റ് സീറ്റ്, സ്പോട്ട് അഡ്മിഷന്‍ എന്നിവയിലൂടെ പ്രവേശനം നേടിയവര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല എന്നതാണ് പുതിയ മാനദണ്ഡം. പുതുതായി പ്രവേശനം നേടിയവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നില്ല എന്നു മാത്രമല്ല 2018 ല്‍ പ്രവേശനം നേടുകയും ആദ്യ വര്‍ഷം സ്കോളര്‍ഷിപ്പ് കിട്ടിയവര്‍ക്കും ഇപ്പോള്‍ പണം കിട്ടുന്നില്ല. ഫീസ് അടക്കാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പോലും പുറത്താണ് ഈ വിദ്യാര്‍ഥികള്‍.

കേന്ദ്ര മാനദണ്ഡം വന്നതിന് ശേഷവും എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കാനായിരുന്നു സംസ്ഥാനം തീരുമാനിച്ത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എസ്.എസ് എസ് ടി ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. എന്നാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉള്‍പ്പെടെ വരുമോ എന്ന ആശങ്കയില്‍ തീരുമാനം ഇതുവരെ പട്ടികജാതിവകുപ്പ് നടപ്പാക്കിയിട്ടില്ല. നയപരമായ തീരുമാനം സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് അവര്‍ നല്കുന്ന വിശദീകരണം.

ഇതിനിടെ കോടതിയെ സമീപിച്ച മുന്നും നാലും വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് കിട്ടി. എന്നാല്‍ സ്കോളര്‍ഷിപ്പ് കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രവേശനം നേടിയ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി. വലിയൊരു വിഭാഗം പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോയി പഠിക്കാനുള്ള അവസരവും ഇതോടെ നഷ്ടപ്പെടുകയാണ്.