LiveTV

Live

Kerala

അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം; മുഖ്യമന്ത്രിയുടെ നിലപാട് പ്രതിരോധത്തില്‍

കുറ്റകൃത്യങ്ങളിലോ തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ ഇവര്‍ പങ്കെടുത്തതായി ആരോപണം പോലും പ്രോസിക്യൂഷനില്ലെന്നും മാവോയിസ്റ്റ് സംഘനടയില്‍ അംഗമാണെന്നതിനും തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു

അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം; മുഖ്യമന്ത്രിയുടെ
നിലപാട് പ്രതിരോധത്തില്‍

പന്തീരങ്കാവ് കേസ് പ്രതികളായ അലന്‍ ഷുഹൈബിനും താഹാ ഫസലിനും എതിരെ യു.എ.പി.എ ചുമത്തിയതില്‍ എന്‍.ഐ.എ കോടതിയും സംശയം പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. കുറ്റകൃത്യങ്ങളിലോ തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ ഇവര്‍ പങ്കെടുത്തതായി ആരോപണം പോലും പ്രോസിക്യൂഷനില്ലെന്നും മാവോയിസ്റ്റ് സംഘനടയില്‍ അംഗമാണെന്നതിനും തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ചെറുപ്പാക്കാരായ എതിര്‍കക്ഷികളുടെ അന്വേഷണത്വരമൂലം തീവ്രവാദനുകൂല സാഹിത്യങ്ങളില്‍ ആകൃഷ്ടരായിരിക്കാമെന്ന് പറഞ്ഞ കോടതി ഇത് തീവ്രവാദത്തിനോ തീവ്രവാദത്തെ സഹായിച്ചതിനോ തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

യു.എ.പി ചുമത്തി അലനേയും താഹയേയും അറസ്റ്റ് ചെയ്തതിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ സ്വീകരിച്ചത്. ''അവര് മാവോയിസ്റ്റുകളാണ്, അവര് സി.പി.ഐ.എം പ്രവര്‍ത്തകരൊന്നും അല്ല. യു.എ.പി.എ ചുമത്തിയത് ഒരു മഹാ അപരാധമായിപ്പോയി എന്ന് ഞാന്‍ പറയുന്നില്ല. അവരെന്തോ പരിശുദ്ധന്മാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, എന്തോ ചായ കുടിക്കാന്‍ പോയപ്പോ പിടിച്ചതാണ് എന്ന മട്ടിലൊരു ധാരണ വേണ്ട.'' എന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഇതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. പന്തീരങ്കാവ് യു.എ.പി.എ കേസ് വന്നപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടുകളെ കൃത്യമായി പ്രതിരോധത്തിലാക്കുന്നതാണ് ഇപ്പോള്‍ എന്‍.ഐ.എ കോടതിയുടെ വിലയിരുത്തല്‍.