LiveTV

Live

Kerala

കുട്ടനാട്ടിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബി.ജെ.പി

സാമുദായിക ഘടകങ്ങൾ തുണച്ചാൽ ജയിക്കാമെന്ന് കണക്കുകൂട്ടല്‍

കുട്ടനാട്ടിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബി.ജെ.പി

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി രംഗത്തിറങ്ങണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം. തുഷാർ നിന്നാൽ സമുദായ വോട്ടുകൾ ഉറപ്പിക്കാനാവുമെന്ന് കണക്കുകൂട്ടുന്നു. എന്നാൽ മത്സരത്തിന് ഇല്ലെന്നാണ് തുഷാർ നിലപാട് എടുത്തിരിക്കുന്നത്. തുഷാർ നിന്നാൽ ബി.ഡി.ജെ.എസ് വിമതശല്യത്തെ അതിജീവിക്കാനാകും എന്നും കരുതുന്നു.

ഉപതെരഞ്ഞെടുപ്പ് നടന്നാൽ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ ബി.ജെ.പിയും ബി.ഡി.ജെ.എസും തീരുമാനിച്ചിരുന്നു. സാമുദായിക ഘടകകങ്ങൾ തുണച്ചാൽ കുട്ടനാട്ടിൽ ജയിച്ചുകയറാമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. 2016ൽ മണ്ഡലത്തിൽ എൻ.ഡി.എയുടെ സുഭാഷ് വാസു നേടിയ വലിയ മുന്നേറ്റമാണ് പ്രതീക്ഷയ്ക്ക് കാരണം.

മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ തുഷാർ വെള്ളാപ്പള്ളി, പ്രാദേശിക നേതാക്കളുടെ പേരുകളാണ് നിർദേശിക്കുന്നത്. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ ടി. പി മന്മദൻ, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്‍റ് ടി അനിയപ്പൻ എന്നീ പേരുകളാണ് പരിഗണനയിൽ. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്.

അതേസമയം, ബി.ഡി.ജെ.എസ് വിമത വിഭാഗം നേതാവ് സുഭാഷ് വാസു അടുത്തദിവസം സ്ഥാനാ‍ർത്ഥിയെ പ്രഖ്യാപിക്കും. മുൻ ഡി.ജി.പി ടി പി സെൻകുമാറോ സുഭാഷ് വാസുവോ മത്സരത്തിനിറങ്ങും. എന്നാൽ ബി.ഡി.ജെ.എസിന് ഉള്ളിലെ പ്രശ്നം അവർ തന്നെ പരിഹരിക്കണമെന്നാണ് ബി.ജെ.പി നിലപാട്. ഇതാനായി ചില നിർദ്ദേശങ്ങളും ബി.ജെ.പി മുന്നോട്ടുവെച്ചതായാണ് സൂചന.