LiveTV

Live

Kerala

'അലന്‍റെയും താഹയുടെയും നീക്കവും പ്രവർത്തനങ്ങളും നിരോധിത സംഘടനയുടെ നിയന്ത്രണത്തിലാണെന്ന് പറയാനാവില്ല'; പ്രസക്തമായി കോടതി പരാമര്‍ശം

അലനും താഹക്കും മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നും പിന്തുണയുണ്ടെന്നും പറയാൻ കഴിഞ്ഞുവെങ്കിലും, നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധം സംബന്ധിച്ച് കൃത്യമായ തെളിവുണ്ടാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല

'അലന്‍റെയും താഹയുടെയും നീക്കവും പ്രവർത്തനങ്ങളും നിരോധിത സംഘടനയുടെ നിയന്ത്രണത്തിലാണെന്ന്  പറയാനാവില്ല'; പ്രസക്തമായി കോടതി പരാമര്‍ശം

'പ്രതികളുടെ നീക്കവും പ്രവർത്തനങ്ങളും നിരോധിത സംഘടനയുടെ നിയന്ത്രണത്തിലാണെന്ന് പറയാനാവില്ല' എന്ന കോടതി നിരീക്ഷണം പന്തീരങ്കാവ് കേസില്‍ അറസ്റ്റിലായ അലനും താഹക്കും ആശ്വാസകരം. അറസ്റ്റിലായ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം നൽകിയുള്ള കൊച്ചിയിലെ എന്‍.ഐ.എ കോടതിയുടെ ഉത്തരവിലാണ് പ്രസക്തമായ നിരീക്ഷണം നടത്തിയിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തന്നെ പ്രതികൾക്കെതിരെയുള്ള ആരോപണത്തിൽ യുക്തിസഹവും ന്യായയുക്തവുമായ ചില സംശയങ്ങളുണ്ടെന്നും എന്‍.ഐ.എ സ്പെഷ്യൽ ജഡ്ജി അനിൽ കെ. ഭാസ്‌കർ ഉത്തരവിൽ പറയുന്നു.

പ്രതികൾ സി.പി.ഐയുടെ (മാവോയിസ്റ്റ്) കേഡർമാരാണെന്നും അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് സംഘടനയാണെന്നും സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നുമുള്ള കോടതിയുടെ നിരീക്ഷണവും ഈ കേസിൻ്റെ തുടർനടപടികളിൽ നിർണായകമായേക്കാവുന്ന നിരീക്ഷണമാണ്. തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നാരോപിച്ച് പ്രതികൾക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം പൂർത്തിയായ ശേഷം കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ, പ്രോസിക്യൂഷന് പോലും പ്രതികൾ നിരോധിത സംഘടനയിലെ അംഗങ്ങളാണെന്ന് അഭിപ്രായമില്ലന്നാണ് കോടതി തന്നെ പറയുന്നത്.

പ്രതികൾക്കെതിരെ ഭീകര പ്രവർത്തനം നടത്തിയെന്ന ആരോപണം പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി 'നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന'യോട് പ്രതികൾക്ക് ഒരു ചായ്‍വുള്ളതായി സൂചിപ്പിക്കുന്നുണ്ട്.

നിരോധിത സംഘടനയുടെ ലഘുലേഖ, അതിന്റെ പതാക, സംഘടന പ്രസിദ്ധീകരിച്ച ഒരു മാഗസിൻ എന്നിവ താഹ ഫസലിന്റെ കൈവശമുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം. എന്നാൽ പ്രതികൾക്കെതിരെ ഭീകര പ്രവർത്തന്ന ആരോപണങ്ങളൊന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ ഈ കേസിലെ സാക്ഷികളുടെ മൊഴി പ്രകാരം പ്രതികൾ നിരോധിത സംഘടനയുടെ അംഗങ്ങളാണെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് അവർ ഏതെങ്കിലും വിധത്തിൽ സഹായം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ലന്നും കോടതി എടുത്ത് പറയുന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകൾ മാവോയിസ്റ്റ് തത്ത്വചിന്തയിലേക്ക് നിരവധി ആളുകളെ സ്വാധീനിക്കുകയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എല്ലാവരെയും തീവ്രവാദ സംഘടനയിലെ അംഗങ്ങളായി കാണാൻ സാധിക്കില്ല. അതുപോലെ ഈ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുന്നതിലൂടെ നിരോധിത തീവ്രവാദ സംഘടനയുമായുള്ള ബന്ധം ഉറപ്പിക്കുന്നതിനും അതിന്റെ ഭാഗമാകുന്നതിനുമുള്ള അവസരമായി തെറ്റിദ്ധരിക്കരുതെന്ന മുന്നറിയിപ്പും കോടതി നൽകുന്നുണ്ട്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അല്ലെങ്കിൽ നിയമപരമായി രൂപീകരിച്ച സർക്കാരിനെ മറികടക്കാൻ അക്രമാസക്തമായ മാർഗ്ഗങ്ങൾ തേടാൻ ഒരാൾക്കും കഴിയില്ല. എന്നാൽ അത്തരം കാര്യങ്ങളിൽ ഏർപ്പെടാൻ ചില ആളുകൾ ആഗ്രഹിക്കുന്നുണ്ടന്നത് വാസ്തവമാണെന്നും കോടതി പറയുന്നു. അലനും താഹക്കും സി.‌പി.‌ഐ (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധമുണ്ടെന്നും പിന്തുണയുണ്ടെന്നും പറയാൻ കഴിഞ്ഞുവെങ്കിലും, നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധവും പിന്തുണയും സംബന്ധിച്ച് കൃത്യമായ തെളിവുണ്ടാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞോ എന്നതിന് സംശയമുണ്ട്. ഏതെങ്കിലും തീവ്രവാദ പ്രവർത്തനം നടത്താൻ പ്രതികൾ ഗൂഡാാലോചന നടത്തിയെന്ന ആരോപണമില്ല. അതുപോലെ കേസിലെ മൂന്നാമത്തെ പ്രതിയായ ഉസ്മാനെ അലൻ ഷുഹൈബ് ഇടയ്ക്കിടെ സന്ദർശിച്ചിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ലെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

സി‌.പി‌.ഐയെ (മാവോയിസ്റ്റ്) പിന്തുണയ്ക്കുന്ന നോട്ടീസ് ഉസ്മാൻ വിതരണം ചെയ്തുവെന്നും ആരോപണമുണ്ട്. ഒരു നവ-ജനാധിപത്യ ഇന്ത്യ സ്ഥാപിക്കാൻ പോരാടുന്ന മാവോയിസ്റ്റ് സംഘടനക്ക് പൊതുജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചതായി നോട്ടീസിലെ ഉള്ളടക്കമുള്ളതായി കോടതി വിലയിരുത്തി. എന്നാൽ ഭീകരതയെ പ്രേരിപ്പിക്കുന്നതിനോ അക്രമത്തെ പ്രേരിപ്പിക്കുന്നതിനോ ഈ നോട്ടീസുകളിൽ ഒന്നുമില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.