LiveTV

Live

Kerala

ചില ജാതിയിലുള്ളവര്‍ക്ക് ഈ ബാര്‍ബര്‍ ഷോപ്പുകളില്‍ പ്രവേശനമില്ല.......!!

ഇടുക്കി വട്ടവടയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ജാതി വിവേചനം; ചില പ്രത്യേക ജാതിയിലുള്ളവര്‍ക്ക് പ്രവേശനമില്ല, ബാര്‍ബര്‍ ഷോപ്പുകള്‍ പഞ്ചായത്ത് അടച്ചുപൂട്ടി.

ചില ജാതിയിലുള്ളവര്‍ക്ക് ഈ ബാര്‍ബര്‍ ഷോപ്പുകളില്‍ പ്രവേശനമില്ല.......!!

ഇടുക്കി വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ പതിറ്റാണ്ടുകളായി പിന്നോക്ക ജാതിക്കാരായ ചക്ലിയ വിഭാഗത്തിന് പ്രവേശനമില്ല. ചക്ലിയ വിഭാഗത്തില്‍ പെട്ട എഴുന്നൂറോളം കുടുംബങ്ങള്‍ക്കാണ് മുന്നോക്ക ജാതിക്കാരുടെ എതിര്‍പ്പ് മൂലം മുടിവെട്ടാന്‍ കിലോമീറ്ററുകള്‍ ദൂരെയുള്ള മറ്റ് നഗരങ്ങളിലേക്ക് പോകേണ്ടിവരുന്നത്. 45 കിലോമീറ്റര്‍ അകലെയുള്ള മൂന്നാറിലെ ബാര്‍ബര്‍ ഷോപ്പുകളെയാണ് വട്ടവടയിലെ ചക്ലിയ വിഭാഗക്കാര്‍ ആശ്രയിക്കുന്നത്. തമിഴ് വംശജര്‍ ഭൂരിപക്ഷമുള്ള പ്രദേശത്ത് പരമ്പരാഗത തമിഴ് ആചാരങ്ങളുടെ ഭാഗമായുള്ള ജാതി സംമ്പ്രദായം നിലനില്‍ക്കുകയാണ്.

ഇതിനെതിരെ പരാതികള്‍ ഉയര്‍ന്ന് തുടങ്ങിയ സാഹചര്യത്തിലാണ് താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാത്ത ബാര്‍ബര്‍ ഷോപ്പുകള്‍ പൂട്ടാനും പൊതു ബാര്‍ബര്‍ ഷോപ്പ് തുടങ്ങാനും പഞ്ചായത്ത് തീരുമാനിച്ചത്. കേരളം സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത ജാതിവിവേചനമാണ് ഇടുക്കി വട്ടവട്ടയില്‍ നിലനില്‍ക്കുന്നതെന്ന് സോമപ്രസാദ് എംപി പ്രതികരിച്ചു.

മുടിവെട്ടാന്‍ കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് അവധി കൊടുക്കുന്ന സാഹചര്യമാണ് പ്രദേശത്തുണ്ടായിരുന്നത്. പൊതു ബാര്‍ബര്‍ ഷാപ്പിന്‍റെ പ്രവര്‍ത്തനം നാലു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും സോമപ്രസാദ് എം.പി മീഡിയവണിനോട് പറഞ്ഞു