LiveTV

Live

Kerala

മക്ഡൊണാൾഡ് ഔട്ട്‍ലെറ്റ് അടിച്ചുതകർത്ത കേസ്: യുഎപിഎ റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉൾപ്പെടെയുളളവർക്ക് എതിരെ ചുമത്തിയ യുഎപിഎ വകുപ്പ് കോടതി റദ്ദാക്കി

മക്ഡൊണാൾഡ് ഔട്ട്‍ലെറ്റ് അടിച്ചുതകർത്ത കേസ്: യുഎപിഎ റദ്ദാക്കി

പാലക്കാട് നഗരത്തിലെ കെ.എഫ്.സി - മക്ഡൊണാൾഡ് ഔട്ട്‍ലെറ്റുകൾ അടിച്ചുതകർത്ത കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉൾപ്പെടെയുളളവർക്ക് എതിരെ ചുമത്തിയ യുഎപിഎ വകുപ്പ് കോടതി റദ്ദാക്കി. ആക്രമണ കേസിൽ രാജ്യദ്രോഹം ഉൾപ്പെടെയുളള വകുപ്പ് നിലനിൽക്കില്ലെന്ന് പാലക്കാട് ജില്ലാ കോടതി നിരീക്ഷിച്ചു. പാലക്കാട് ഉണ്ടായിരുന്ന രണ്ട് കേസിൽ രൂപേഷിന് കോടതി ജാമ്യം അനുവദിച്ചു.

2014 ഡിസംബർ 22ന് ആയിരുന്നു പാലക്കാട് നഗരത്തിനോട് ചേർന്ന ചന്ദ്രനഗറിലെ റെസ്റ്റോറന്‍റുകൾക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. സൈലന്റ് വാലിയിലെ ഫോറസ്റ്റ് ഓഫീസിന് നേരെയും അന്ന് പുലർച്ചെ ആക്രമണം നടന്നിരുന്നു. രണ്ട് ഔട്ട് ലെറ്റുകളും അടിച്ചുതകർത്ത ശേഷം മാവോയിസ്റ്റ് പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. നഗര മേഖലയിലെ ആക്രമണത്തിന് ആസൂത്രണം നൽകിയത് രൂപേഷ്, ഷൈന എന്നിവരുടെ നേതൃത്വത്തിലുളള സംഘമെന്നായിരുന്നു കേസ്. ചന്ദ്രനഗറിലെ ആക്രമണത്തിൽ നേരിട്ടും അല്ലാതെയും 9 പേർ പങ്കെടുത്തെന്നായിരുന്നു കേസ്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.

നടപടി ക്രമങ്ങൾ പാലിച്ചല്ല യുഎപിഎ ചുമത്തിയതെന്ന് കോടതി കണ്ടെത്തി. വിദേശ കുത്തകകൾക്കെതിരായ സമരം ദേശദ്രോഹപരമല്ലെന്നും യുഎപിഎ ചുമത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു മാവോയിസ്റ്റ് നേതാക്കൾ കോടതിയിൽ വാദിച്ചത്. ഈ കേസിലും അട്ടപ്പാടിയിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിലും രൂപേഷിന് കോടതി ജാമ്യം നൽകി. കൊച്ചി എൻ.ഐ.എ കോടതിയിൽ കേസ് ഉള്ളതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിയില്ല.