LiveTV

Live

Kerala

ഇരയുടെ മാതാവ് നല്‍കിയ ഹരജി തള്ളി: പാലത്തായി കേസിൽ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദാക്കില്ല

ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാൽസംഗക്കുറ്റവും ചുമത്താതെ ബി.ജെ.പി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവിനെതിരെയായിരുന്നു ഹരജി നല്‍കിയിരുന്നത്.

ഇരയുടെ മാതാവ് നല്‍കിയ ഹരജി തള്ളി: പാലത്തായി കേസിൽ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദാക്കില്ല

പാലത്തായില്‍ പീഡന കേസിലെ പ്രതി കെ.പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതിക്ക് ലഭിച്ച സോപാധിക ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഇരയായ കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ പ്രാഥമിക കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതിക്ക് ജാമ്യം അനുവദിച്ച തലശേരി പോക്‌സോ കോടതി നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.

ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കേസില്‍ അന്വേഷണം തുടരുകയാണെന്നും ഗുരുതര ആരോപണങ്ങള്‍ അന്വേഷണ ഏജന്‍സി ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്.

2020 ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവില്‍ നിരവധി തവണ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് കേസ്. കേസില്‍ ലഘുവായ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നു വിചാരണ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

പാലത്തായി കേസ് ചര്‍ച്ചയായതോടെ പോക്സോ കേസിലെ ഇരയുടെ സ്വകാര്യത ഉറപ്പാക്കാന്‍ കോടതി ചില മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇരയെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെയോ തിരിച്ചറിയത്തക്ക രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഇത്തരം കേസുകളിലുണ്ടാവാന്‍ പാടില്ലെന്ന് കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി. കോടതിയിലും മറ്റും ഹാജരാക്കുന്ന രേഖകളില്‍ തിരിച്ചറിയല്‍ വ്യക്തമായ പരാമര്‍ശങ്ങളുണ്ടെങ്കില്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

ഇരകളുടെ വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ ഉന്നത നിലവാരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രജിസ്ട്രി ചുമതല നല്‍കണമെന്നും വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.