LiveTV

Live

Kerala

അലനും താഹക്കുമെതിരായ യുഎപിഎ നിലനില്‍ക്കുമോയെന്ന് കോടതിക്ക് സംശയം

തീവ്രവാദ ആശയത്തിനായി പ്രതികൾ ഗൂഢാലോചന നടത്തി എന്ന് പ്രോസിക്യൂഷന് പോലും പരാതിയില്ലെന്ന് കോടതി

അലനും താഹക്കുമെതിരായ യുഎപിഎ നിലനില്‍ക്കുമോയെന്ന് കോടതിക്ക് സംശയം

പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമെതിരെ യുഎപിഎ നിലനില്‍ക്കുമോയെന്നതില്‍ സംശയം പ്രകടിപ്പിച്ച് എന്‍ഐഎ കോടതി. തീവ്രവാദ ആശയത്തിനായി പ്രതികൾ ഗൂഢാലോചന നടത്തി എന്ന് പ്രോസിക്യൂഷന് പോലും പരാതിയില്ല. കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന സംശയം ഉയർത്താൻ പ്രതിഭാഗത്തിനും കഴിഞ്ഞെന്നും കോടതി നിരീക്ഷിച്ചു. ഇരുവര്‍ക്കും ജാമ്യം അനുവദിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കൊച്ചിയിലെ എന്‍ഐഎ കോടതി അലനും താഹക്കും ജാമ്യം നല്‍കിയത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം- മാവോയിറ്റ് സംഘടനകളുമായി യാതൊരു തരത്തിലുള്ള ബന്ധവും പാടില്ല, എല്ലാ മാസവും അതത് പൊലീസ് സ്റ്റേഷനുകളില്‍ ഹാജരായി ഒപ്പിടണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, മാതാപിതാക്കളില്‍ ഒരാളുടേയും അടുത്ത ബന്ധുക്കളില്‍ ഒരാളുടേയും ആള്‍ജാമ്യം, ഒരു ലക്ഷം രൂപ ബോണ്ട് എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകള്‍.

കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇവർക്ക് ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിച്ചത്. കഴിഞ്ഞ വർഷം നവംബർ 1ആം തിയ്യതിയാണ് അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു അലന്‍റെയും താഹയുടേയും വാദം. കേസിലെ മൂന്നാം പ്രതി സി പി ഉസ്മാന്‍ ഇപ്പോഴും ഒളിവിലാണ്.