LiveTV

Live

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ് ലഭിച്ചതായി പൊലീസ്

എന്നാല്‍ കട്ടിലില്‍ കെട്ടിയിട്ടതിന് നിലവില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ് ലഭിച്ചതായി പൊലീസ്

തിരുവനന്തപുരം പാങ്ങോട് പീഡനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ് ലഭിച്ചതായി പൊലീസ്. എന്നാല്‍ കട്ടിലില്‍ കെട്ടിയിട്ടതിന് നിലവില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

യുവതിക്ക് നേരെ ലൈംഗിക പീഡനമുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൈകള്‍ ബന്ധിച്ചതിന്‍റെയോ കെട്ടിയിട്ടതിന്‍റെയോ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനാ ഫലം വരുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. യുവതി വീട്ടിലെത്തിയെന്ന് സമ്മതിച്ചെങ്കിലും പീഡിപ്പിച്ചതായി പ്രതി പ്രദീപ് കുമാര്‍ സമ്മതിച്ചിട്ടില്ല. പ്രതിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കുളത്തൂപ്പുഴ പി.എച്ച്.സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് പ്രദീപ്. മലപ്പുറത്ത് ഹോം നഴ്‌സായിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി നാട്ടില്‍ ക്വാറന്‍റൈനിലായിരുന്നു. . തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോള്‍ പ്രതി തന്‍റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ ക്രൂരമായി മര്‍ദിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.