ബിനീഷ് കോടിയേരി ഇ.ഡി ഓഫീസില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കും
കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും. ബിനീഷിന്റെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഇ.ഡി ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. 9.25 ഓടുകൂടിയാണ് ബിനീഷ് ഇഡി ഓഫീസിലെത്തിയത്. 11 മണിക്ക് ഹാജരാകാനായിരുന്നു നിര്‍ദേശം. അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും.
സ്വർണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.
കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്കുമരുന്ന് റാക്കറ്റ് ബംഗളൂരുവിൽ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ കെ.ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി. ബിനീഷ് തന്റെ ഹോട്ടൽ തുടങ്ങാൻ 6 ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നൽകി. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാൽ വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കേന്ദ്രകമ്പനികാര്യമന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.