LiveTV

Live

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; മൊഴികളിലെ വൈരുദ്ധ്യം, പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

പ്രതികൾ ആദ്യം നൽകിയ മൊഴികളിലെ വൈരുദ്ധ്യം വിശദമായി അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; മൊഴികളിലെ വൈരുദ്ധ്യം, പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. രണ്ടാം പ്രതി അൻസാർ ഒഴികെ എട്ട് പ്രതികളെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം .കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസ്

കൃത്യം നടന്ന സ്ഥലത്ത് പന്ത്രണ്ടോളം പേർ ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ. പ്രതികൾ ആദ്യം നൽകിയ മൊഴികളിലെ വൈരുദ്ധ്യം വിശദമായി അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവം നടന്ന സ്ഥലത്ത് 12 പേർ ഉണ്ട് എന്നാണ് പൊലീസ് അനുമാനം. ഇതിൽ നാല് പേർ കൊല്ലപ്പെട്ട മിഥിലാജിനും ഹഖിനുമൊപ്പം ഉണ്ടായിരുന്നതാണ്. കേസിലെ പ്രധാന സാക്ഷിയായ ഷെഹിന് പുറമെ അപ്പു, ഗോകുൽ, റിയാസ് എന്നിവരാണ് മറ്റ് മൂന്ന് പേർ എന്നാണ് പോലീസ് പറയുന്നത്.

പ്രതികളായ സജീവ്, ഉണ്ണി, അൻസാർ, സനൽ എന്നിവർക്ക് പുറമെ രണ്ട് പേർ കൂടി സ്ഥലത്തുണ്ടായിരുന്നു എന്നാണ് നിഗമനം. പക്ഷേ ഇതാരൊക്കെയാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി ശേഖരിക്കാനാണ് പൊലീസ് തീരുമാനം. പ്രതികളെയെല്ലാം ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ നൽകുക. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.