LiveTV

Live

Kerala

ബംഗളൂരു മയക്കുമരുന്ന് കേസ്: ഒരു മലയാളി കൂടി അറസ്റ്റില്‍

അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ താമസമാക്കിയ നിയാസിനെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ബംഗളൂരു മയക്കുമരുന്ന് കേസ്: ഒരു മലയാളി കൂടി അറസ്റ്റില്‍

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി അറസ്റ്റില്‍. അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ താമസമാക്കിയ നിയാസിനെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ സിസിബി ചോദ്യം ചെയ്യുകയാണ്. കേസില്‍ രണ്ടാം പ്രതിയായ നടി രാഗിണി ദ്വിവേദിയുടെ കസ്റ്റഡി കാലാവധി നീട്ടി.

ബംഗളൂരു മയക്കുമരുന്ന് കേസില്‍, സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്ഐആറില്‍ 12 പ്രതികളാണുള്ളത്. ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായി. നടി രാഗിണി ദ്വിവേദി രണ്ടാം പ്രതിയാണ്. ഡല്‍ഹിയില്‍ അറസ്റ്റിലായ വിരേന്‍ ഖന്നയാണ് മൂന്നാം പ്രതി. ഖന്നയാണ് ലഹരി പാര്‍ട്ടികള്‍ സജ്ജീകരിച്ചിരുന്നത്. ഒന്നാം പ്രതിയായ ബംഗളൂരു സ്വദേശിയായ ചിപ്പി എന്ന ശിവപ്രസാദ് ഇനിയും പിടിയിലായിട്ടില്ല.

ബംഗളൂരുവില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആഫ്രിക്കൻ വംശജൻ ലോം പെപ്പർ സാംബയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരുന്ന സാംബ, തന്റെ വിദേശ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ദ്വിവേദിയുടെ സഹായി രവിശങ്കർ ഉൾപ്പെടെയുള്ള നിരവധി പേർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് സാംബയാണെന്ന് പൊലീസ് പറഞ്ഞു. മലയാളിയായ അനൂപ് മുഹമ്മദും കേസില്‍ പിടിയിലായി.

അതേസമയം ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ ആറ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നല്‍കി. മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ഫോണ്‍ നമ്പറുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.