LiveTV

Live

Kerala

'നിക്ഷേപ തട്ടിപ്പ് വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും'; ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ ലീഗ് പഞ്ചായത്ത് കമ്മറ്റികൾ

പദവികൾ രാജിവെക്കാൻ ഒരുക്കമാണെന്ന് എം.എൽ.എ പ്രവർത്തക സമിതിയെ അറിയിച്ചു.

'നിക്ഷേപ തട്ടിപ്പ് വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും'; 
ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ ലീഗ് പഞ്ചായത്ത് കമ്മറ്റികൾ

മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീനെതിരെ മുസ്‍ലിം ലീഗ് പഞ്ചായത്ത് കമ്മറ്റികൾ രംഗത്ത്. എംഎൽഎക്കെതിരായ നിക്ഷേപ തട്ടിപ്പ് വിവാദം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് പഞ്ചായത്ത് കമ്മറ്റികള്‍ പരാതി നല്‍കി. പദവികൾ രാജിവെക്കാൻ ഒരുക്കമാണെന്ന് എംഎൽഎ പ്രവർത്തക സമിതിയെ അറിയിച്ചു.

എം.സി ഖമറുദ്ദീൻ ചെയര്‍മാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട കേസ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് പഞ്ചായത്ത് കമ്മറ്റികളുടെ ആരോപണം. തൃക്കരിപ്പൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്ത് കമ്മറ്റികളാണ് പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. 20ൽ അധികം കേസുകളാണ് എം സി ഖമറുദ്ദീൻ ചെയർമാനായുള്ള ജ്വല്ലറിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

800 നിക്ഷേപകരിൽ നിന്ന് 132 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി. 2003ൽ ആരംഭിച്ച ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ഒന്നര വർഷം മുൻപ് അടച്ച് പൂട്ടിയിരുന്നു. പണം തിരിച്ച് ചോദിച്ചിട്ടും ലഭിച്ചില്ലെന്ന് കാട്ടിയാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്. കമ്പനിയുടെ മറവിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾക്കും ഖമറുദ്ദീനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടാതെ കാസർകോട് കള്ളാര്‍ സ്വദേശികളായ സഹോദരങ്ങളുടെ പരാതിയിൽ വണ്ടിചെക്ക് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.