LiveTV

Live

Kerala

പാലാ സീറ്റ് മോഹിച്ച് ആരുമിങ്ങോട്ട് പോരേണ്ടെന്ന് മാണി സി കാപ്പന്‍

ജോസ് കെ മാണി വരുന്നെങ്കില്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും, പക്ഷേ എന്‍സിപിയുടെ കയ്യിലിരിക്കുന്ന കുട്ടനാട്, പാലാ സീറ്റുകള്‍ മോഹിച്ച് ആരുമിങ്ങോട്ട് പോരേണ്ടെന്നും അതു നടക്കില്ലെന്നും മാണി സി കാപ്പന്‍

പാലാ സീറ്റ് മോഹിച്ച് ആരുമിങ്ങോട്ട് പോരേണ്ടെന്ന് മാണി സി കാപ്പന്‍

ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജോസ് കെ മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അവര്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പങ്കുവെക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായെങ്കിലെ കേരളകോണ്‍ഗ്രസ്(എം)ന്റെ എല്‍ഡിഎഫ് പ്രവേശനം സാധ്യമാവുകയുള്ളൂ. അതിലൊന്നാണ് പാലാ സീറ്റ്.

എന്നാല്‍ പാലാ സീറ്റ് മോഹിച്ച് ആരുമിങ്ങോട്ട് വരേണ്ടന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് പാലാ എം.എല്‍.എ, മാണി സി കാപ്പന്‍. ജോസ് കെ മാണി വരുന്നെങ്കില്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും, പക്ഷേ എന്‍സിപിയുടെ കയ്യിലിരിക്കുന്ന കുട്ടനാട്, പാലാ സീറ്റുകള്‍ മോഹിച്ച് ആരുമിങ്ങോട്ട് പോരേണ്ടെന്നും അതു നടക്കില്ലെന്നും മാണി സി കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തന്നെ നാല് തെരഞ്ഞെടുപ്പുകളിലായി ഭൂരിപക്ഷം കുറച്ചുകൊണ്ട് വന്ന് ജയിച്ചതാണ്, അതേസമയം മുന്നണിക്കകത്ത് ജോസ് കെ മാണിയുടെ പ്രവേശനം സംബന്ധിച്ച് ചര്‍ച്ച നടന്നതായി അറിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എന്‍സിപിയില്‍ നിന്ന് പാലാ സീറ്റ് കൊടുത്ത് ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്നും പകരം രാജ്യസഭാ സീറ്റ് എന്‍സിപിക്ക് കൊടുക്കാമെന്നുമാണ് ധാരണ. അതേസമയം ഇങ്ങനെയൊരു ധാരണയെപ്പറ്റി അറിയില്ലെന്നും രാജ്യസഭാ സീറ്റ് വേണ്ടെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇതുതന്നെയാണെന്നുമാണ് മാണി സി കാപ്പന്‍ പറയുന്നത്. അതേസമയം മുന്നണിയിലേക്ക് തിരിച്ചുവരണമെങ്കില്‍ ജോസ്.കെ മാണി യു.ഡി.എഫ് നിലപാട് അംഗീകരിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു. യു.ഡി.എഫിലേക്ക് തിരിച്ചുവരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസ് വിഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.