LiveTV

Live

Kerala

'അവസാനം വരെ എന്‍റെ മോള് അവനെ വിശ്വസിച്ചു': കണ്ണീരോടെ കൊട്ടിയത്തെ പെണ്‍കുട്ടിയുടെ പിതാവ്

ആത്മഹത്യ ചെയ്ത പെൺകുട്ടിയെ ഗർഭച്ഛിദ്രം നടത്തിയ സംഭവത്തിൽ വരന്‍റെ ബന്ധുവായ സീരിയൽ നടിക്കും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണം

'അവസാനം വരെ എന്‍റെ മോള് അവനെ വിശ്വസിച്ചു': കണ്ണീരോടെ കൊട്ടിയത്തെ പെണ്‍കുട്ടിയുടെ പിതാവ്

കൊല്ലം കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ സംബന്ധിച്ച വിവാദം പുകയുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടിയെ ഗർഭച്ഛിദ്രം നടത്തിയ സംഭവത്തിൽ വരന്‍റെ ബന്ധുവായ സീരിയൽ നടിക്കും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. പ്രതി ഹാരിസിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആത്മഹത്യാപ്രേരണ, ഗര്‍ഭച്ഛിദ്രം തുടങ്ങിയ കുറ്റങ്ങളും ഹാരിസിനെതിരെ ചുമത്തിയിട്ടുണ്ട്.

10 വര്‍ഷമായി തന്‍റെ മകളും ഹാരിസും സ്നേഹത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. വളയിടീല്‍ ചടങ്ങ് നടത്തിയിരുന്നു. അതുകഴിഞ്ഞാണ് മറ്റൊരാളെ ഹാരിസ് വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് മകള്‍ അറിഞ്ഞത്. വരന്‍റെ മാതാവിനെ പോയി കണ്ട് തന്നെ ഒഴിവാക്കരുതെന്ന് മകള്‍ അപേക്ഷിച്ചതൊക്കെ ആത്മഹത്യക്ക് ശേഷമാണ് താന്‍ അറിഞ്ഞതെന്ന് പിതാവ് പറഞ്ഞു.

'അവസാനം വരെ മോള് അവനെ വിശ്വസിച്ചു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ നീ എന്തെങ്കിലും ചെയ്യെന്ന് അവന്‍ പറഞ്ഞതൊക്കെ മോള്‍ മരിച്ചുകഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്' - പിതാവ് കണ്ണീരോടെ പറഞ്ഞു.

വിവാഹ നിശ്ചയത്തിന് ശേഷം പെൺകുട്ടി ഗർഭിണിയാകുകയും വരൻ തന്നെ ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നു. ഗർഭച്ഛിദ്രത്തിനായി ഹാരിസ് വ്യാജരേഖ ചമയ്ക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഹാരിസ് ശ്രമിച്ചു. ഇതറിഞ്ഞാണ് കൊട്ടിയം സ്വദേശിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്.

മരിക്കുന്നതിന് മുൻപ് പെൺകുട്ടി ഹാരിസിനെ വിളിക്കുന്ന ശബ്ദ സന്ദേശമുണ്ടായിട്ടും പൊലീസ് ഹാരിസിനെതിരെ കേസെടുക്കാതിരുന്ന സംഭവം മീഡിയവൺ വാർത്തയാക്കിയിരുന്നു ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.