LiveTV

Live

Kerala

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്ത്

കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരും സ്വര്‍ണ്ണക്കടത്ത് സംഘവും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് ഡഡി.ആര്‍.ഐയുടെ റിപ്പോര്‍ട്ട്‍.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ്  ഉദ്യോഗസ്ഥരുടെ പങ്ക് പുറത്ത്

കരിപ്പൂരില്‍ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ സംഘത്തിന് വിമാനത്താവളത്തില്‍ സഹായം നല്‍കിയത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് ഡി.ആര്‍.ഐ റിപ്പോര്‍ട്ട്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള റിപ്പോര്‍ട്ട് ഡി.ആര്‍.ഐ, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിന് കൈമാറും. സ്വര്‍ണ്ണക്കടത്ത് സംഘത്തെ സഹായിച്ച വിമാനത്താവളത്തിലെ നാല് ശുചീകരണ തൊഴിലാളികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.‌

കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരും സ്വര്‍ണ്ണക്കടത്ത് സംഘവും തമ്മില്‍ ബന്ധമുണ്ടെന്ന കാലങ്ങളായുള്ള ആരോപണം ശരിവെക്കുന്നതാണ് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്‍. ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ സംഘത്തിന് വിമാനത്താവളത്തിനകത്ത് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്നാണ് കണ്ടെത്തല്‍. ഒരു മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥനും, നോര്‍ത്ത് ഇന്ത്യക്കാരനായ മറ്റൊരു ഉദ്യോഗസ്ഥനുമെതിരായ വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിന് ഡിആര്‍ഐ കൈമാറും. ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന് കളഞ്ഞ ഫസല്‍ റഹ്മാനും നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രധാന പ്രതി കെ.ടി റമീസും തമ്മില്‍ ബന്ധമുണ്ടന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്.

പക്ഷെ തിരുവനന്തപുരത്തെ സ്വര്‍ണ്ണകടത്തുമായി ഫസലുറഹ്മാന് ബന്ധമില്ലന്നാണ് പ്രാഥമിക നിഗമനം. കള്ളക്കടത്ത് സംഘത്തിന് സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തെത്തിച്ച് നല്‍കിയത് ശുചീകരണ തൊഴിലാളികളുടെ വാഹനത്തിലാണെന്ന് വ്യക്തമായി. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലേയും ഇന്നുമായി 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണത്തിനിടെ ഇന്നലെ അറസ്റ്റ് ചെയ്ത നിസാര്‍ ഇടനിലക്കാരനാണ്. വിമാനത്താവളത്തിനകത്തെ കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.