LiveTV

Live

Kerala

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കും

ഇടത് മുന്നണിയിൽ പ്രവേശിക്കുന്നതിന് മുൻപായി രാജ്യസഭാ അംഗത്വം രാജി വെയ്ക്കാനാണ് ജോസ് കെ മാണി ആലോചിക്കുന്നത്

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കും

ഇടത് മുന്നണി പ്രവേശനം ഉറപ്പാക്കിയതോടെ ഭാവി നീക്കങ്ങൾ സജീവമാക്കി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. യുഡിഎഫ് പിന്തുണയോടെ വിജയിച്ച രാജ്യസഭാ സീറ്റ് രാജിവെച്ചാകും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിന് അവകാശവാദം ഉന്നയിക്കുക.

ജോസ് കെ മാണിയെ സംബന്ധിച്ച് പാല സീറ്റ് അഭിമാനപ്രശ്നമാണ്. എന്നാല്‍ പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. പാലയും കുട്ടനാടും മോഹിച്ച് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരേണ്ടെന്നാണ് പാലായില്‍ അട്ടിമറി വിജയം നേടിയ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞത്.

പാലാ സീറ്റ് സംബന്ധിച്ച് ഇടഞ്ഞ മാണി സി കാപ്പനെയും എൻസിപിയെയും അനുനയിപ്പിക്കാൻ ഒരു പക്ഷെ രാജ്യസഭാ സീറ്റ് കൈമാറാനും സാധ്യതയുണ്ട്. നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ ഇങ്ങനെ ചില നീക്കുപോക്കുകൾ വേണമെന്ന ആവശ്യമാണ് ജോസ് കെ മാണി എൽഡിഎഫിന് മുമ്പിൽ വച്ചിട്ടുള്ളത് . എന്നാൽ എംപി സ്ഥാനം രാജിവെച്ചുള്ള നീക്കങ്ങൾക്ക് ഇപ്പോൾ സമയമായിട്ടില്ലെന്നാണ് റോഷി അഗസ്റ്റിൻ എംഎൽഎയുടെ പ്രതികരണം.

സിപിഐയും ഏറെക്കുറെ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശം സാധ്യമാകുന്നത്. ജോസ് കെ മാണി വിഭാഗത്തെ തിരികെ എത്തിക്കാൻ യുഡിഎഫ് നേതാക്കൾ ആരും അനുകൂല നടപടികൾ സ്വീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജോസ് കെ മാണി മുന്നണി വിട്ടാൽ കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്ഥാനാർഥി നിർണയത്തിലുള്ള തലവേദന ഒഴിയും.