LiveTV

Live

Kerala

ചവറയില്‍ സിപിഎമ്മും ആര്‍എസ്‍പിയും ഏറ്റുമുട്ടുമ്പോള്‍..

ചവറ ആർഎസ്പിയുടെ കരുത്തുറ്റ കേന്ദ്രമാണെന്നതാണ് സിപിഎം ഗൗരവമായി കാണുന്നത്.

ചവറയില്‍ സിപിഎമ്മും ആര്‍എസ്‍പിയും ഏറ്റുമുട്ടുമ്പോള്‍..

ചവറ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സിപിഎമ്മും ആർഎസ്പിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കൊല്ലത്ത് വീണ്ടും കളമൊരുങ്ങുകയാണ്. ചവറ ആർഎസ്പിയുടെ കരുത്തുറ്റ കേന്ദ്രമാണെന്നതാണ് സിപിഎം ഗൗരവമായി കാണുന്നത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ്- കൊല്ലം പാർലമെന്‍റ് മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരനാറി എന്ന് പഴയ സുഹൃത്തായ എൻ.കെ പ്രേമചന്ദ്രനെ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വിളിച്ചു. പിന്നെ തെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ ചർച്ചയിൽ ഏറിയ ഭാഗവും പരനാറി പ്രയോഗത്തിൽ കുടുങ്ങി. അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ആർഎസ്പിയോട് സിപിഎം തോറ്റു. അന്ന് തുടങ്ങിയതാണ് ആർഎസ്പി, സിപിഎം പോര്.

അന്ന് മാത്രമല്ല 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആർഎസ്പിയോട് കൊല്ലത്ത് പരാജയപ്പെട്ടു സിപിഎം. അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ പാർട്ടി സിഎംപി കഴിഞ്ഞ ഫെബ്രുവരിയിൽ സിപിഎമ്മിൽ ലയിച്ചു. അതുകൊണ്ട് തന്നെ വീണ്ടും ഒരു ആർഎസ്പി, സിപിഎം പോരിന് കൊല്ലത്ത് കളമൊരുങ്ങുകയാണ്. ബേബി ജോണിന്‌‍റെ മകനായ ഷിബു ബേബി ജോണിനെ തട്ടകമായ ചവറയിൽ തറപറ്റിച്ച ചരിത്രമുണ്ട് സിപിഎമ്മിന്. ആ ആത്മ വിശ്വാസത്തിലാണ് സിപിഎം കളത്തിലിറങ്ങുന്നത്.

ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം എന്നിങ്ങനെ ഓരോ പഞ്ചായത്തിലുമുള്ള വേരോട്ടമാണ് ഷിബു ബേബി ജോണിനെ സ്ഥാനാർഥിയാക്കി മാറ്റുന്നത്. വീണ്ടും ആർഎസ്പിയോട് നേരിട്ട് ഏറ്റുമുട്ടി സിപിഎമ്മിനെ പോലെ ഒരു കെട്ടുറപ്പുള്ള ഒരു സംവിധാനം കൊല്ലത്ത് അടിപതറുമോ എന്നത് കണ്ടറിയാം.