LiveTV

Live

Kerala

രണ്ടാം പോസ്റ്റുമോർട്ടം നിര്‍ണായകം: മത്തായിയുടെ മൃതദേഹത്തിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തി

കൂടുതൽ പരിക്കുകൾ കണ്ടെത്തിയതോടെ മത്തായിയുടെ രണ്ടാം പോസ്റ്റുമോർട്ടം സി.ബി.ഐ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് സൂചന

രണ്ടാം പോസ്റ്റുമോർട്ടം നിര്‍ണായകം: മത്തായിയുടെ മൃതദേഹത്തിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തി

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹത്തിൽ കൂടുതൽ പരിക്കുകൾ. റീ പോസ്റ്റ്മോർട്ടത്തിന് മുൻപ് ഇന്നലെ നടത്തിയ ഇൻക്വസ്റ്റിലാണ് ഏഴിലധികം പരുക്കുകൾ കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പരിക്കുകൾ കണ്ടെത്തിയതോടെ മത്തായിയുടെ രണ്ടാം പോസ്റ്റുമോർട്ടം സി.ബി.ഐ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് സൂചന.

ഇന്നലെ പത്തനംതിട്ടയിൽ എത്തിയ സിബിഐ ഉദ്യോഗസ്ഥർ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഒരു മാസത്തിലേറെയായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മത്തായിയുടെ മൃതദേഹം ഏറ്റെടുത്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടത്തുന്നതിനിടെ തന്നെ അന്വേഷണത്തിൽ നിർണായകമാകാൻ സാധ്യതയുള്ള പരിക്കുകൾ കണ്ടെത്തുകയായിരുന്നു. ആദ്യ പോസ്റ്റ്മോർട്ടിന് മുൻപ് പൊലീസ് നടത്തിയ ഇൻക്വസ്റ്റിൽ ഇല്ലാതിരുന്ന 7 പരിക്കുകളാണ് സിബിഐ നിർദേശിച്ച ഫോറൻസിക് വിദഗ്ധരായ കെ പ്രസന്നൻ, പി ബി ഗുജ്റാൾ, എ.കെ ഉൻമേഷ് തുടങ്ങിയവരുടെ സംഘം കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് വിദഗ്ധരുടെയും ഡിവൈഎസ്പിമാരായ ആർ ശെഖാവത്ത്, ടി പി അനന്തകൃഷ്ണൻ തുടങ്ങിയവരുടേയും മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.

രണ്ടര മണിക്കൂറിലേറെ നേരം നീണ്ട് നിന്ന പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം കൈമാറിയതിന് പിന്നാലെ സംഭവത്തിൽ ചില ദുരൂഹതകൾ ബാക്കി നിൽപ്പുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം ഫോറൻസിക് വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരും മത്തായി മരിച്ച നിലയിൽ കണ്ടെത്തിയ കിണറും വീടും സന്ദർശിച്ചതും ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു. മരിച്ച് നാല്‍പതാം ദിവസമായ ഇന്ന് മത്തായിയുടെ സംസ്കാരം നടക്കുക. എന്നാൽ അന്വേഷണം സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ മത്തായിയുടെ ഭാര്യ ഷീബയടക്കമുള്ള ബന്ധുക്കൾ പ്രതികരിച്ചിട്ടില്ല.