LiveTV

Live

Kerala

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു; ബന്ധു അറസ്റ്റില്‍

ഒറീസ സ്വദേശിയായ 35 വയസുള്ള മംഗൾ പ്രധാൻ ആണ് മരിച്ചത്.

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു; ബന്ധു അറസ്റ്റില്‍

തൃശൂർ നാട്ടികയിൽ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു. ഒറീസ സ്വദേശിയായ 35 വയസുള്ള മംഗൾ പ്രധാൻ ആണ് മരിച്ചത്. ഇയാളുടെ ബന്ധുവായ ഒറീസ സ്വദേശി മിഥുൻ പ്രധാൻ എന്നയാളെ സംഭവത്തിന് പിന്നാലെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം. നാട്ടിക രാമൻകുളം പടിഞ്ഞാറെ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. ടൈൽസ് പണിക്കാരായ മംഗൾ പ്രധാനും മിഥുൻ പ്രധാനും മൂന്ന് വർഷമായി നാട്ടികയിലെ വാടക വീട്ടിലാണ് താമസം. വൈകീട്ട് ജോലി കഴിഞ്ഞ് സൈക്കിളിൽ മടങ്ങി വരുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. പിന്നീട് നടന്ന അടിപിടിയിൽ താഴെ വീണ മംഗൾ പ്രധാന്റെ തലയിൽ റോഡരികിൽ കിടന്ന വലിയ കരിങ്കല്ല് എടുത്ത് അടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ മിഥുൻ പ്രധാനെ പിടികൂടി കെട്ടിയിട്ടു. തുടർന്ന് വിവരമറിഞ്ഞെത്തിയ വലപ്പാട് എസ്എച്ച്ഒ കെ.സുമേഷ്, എസ്.ഐ വി.പി അറിസ്റ്റോട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. മംഗൾ പ്രധാന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.