LiveTV

Live

Kerala

പുത്തുമല ദുരന്ത ബാധിതര്‍ക്കുള്ള പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ പുനരധിവാസ പദ്ധതി പൂര്‍ത്തിയാവുന്നു

മേപ്പാടിക്കടുത്ത് കാപ്പുംകൊല്ലിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന വീടുകള്‍ക്ക് പുറമെ പ്രളയബാധിതര്‍ക്കായുള്ള എട്ട് വീടുകള്‍ കൂടി വിവിധയിടങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി

 പുത്തുമല ദുരന്ത ബാധിതര്‍ക്കുള്ള പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ പുനരധിവാസ പദ്ധതി പൂര്‍ത്തിയാവുന്നു

വയനാട്ടിലെ പുത്തുമല ദുരന്ത ബാധിതരായ ആറ് കുടുംബങ്ങള്‍ക്കുള്ള പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ പുനരധിവാസ പദ്ധതി പൂര്‍ത്തിയാവുന്നു. മേപ്പാടിക്കടുത്ത് കാപ്പുംകൊല്ലിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന വീടുകള്‍ക്ക് പുറമെ പ്രളയബാധിതര്‍ക്കായുള്ള എട്ട് വീടുകള്‍ കൂടി വിവിധയിടങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരികയാണ്. സര്‍ക്കാറിന്‍റെ ഹര്‍ഷം പദ്ധതി പ്രകാരം 10 വീടുകളും പീപ്പിള്‍സ് ഫൌണ്ടേഷന്‍ പുത്തുമലക്കാര്‍ക്കായി നിര്‍മ്മിക്കുന്നുണ്ട്.

മേപ്പാടി കാപ്പുംകൊല്ലിയില്‍ കേലച്ചന്‍തൊടി നഫീസ പീപ്പിള്‍സ് ഫൌണ്ടേഷന് കൈമാറിയ 35 സെന്‍റ് സ്ഥലത്താണ് പുത്തുമല ദുരന്തബാധിതരായ ആറ് കുടുംബങ്ങള്‍ക്കായുള്ള വീടുകള്‍ ഉയരുന്നത്. രണ്ട് കിടപ്പുമുറികള്‍ അടുക്കള, ഹാള്‍, ശുചിമുറി എന്നിവയടങ്ങിയ വീടുകള്‍ ഈ മാസം തന്നെ ഗുണഭോക്തക്കള്‍ക്ക് കൈമാറും. ആവശ്യമെങ്കില്‍ പിന്നീട് രണ്ട് മുറികളും അനുബന്ധസൌകര്യങ്ങളും കൂടി ഒരുക്കാവുന്ന തരത്തിലാണ് വീടുകളുടെ പ്ലാന്‍.

2019 ഒക്ടോബറില്‍ ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് തറക്കല്ലിട്ട വീടുകളുടെ നിര്‍മ്മാണം ലോക്ക് ഡൌണ്‍കാലത്ത് നാല് മാസം നിലച്ചു പോയെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായതായി ഫൌണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുന്ന പുത്തുമല ടൌണ്‍ഷിപ്പ് പദ്ധതിയിലും പീപ്പിള്‍സ് ഫൌണ്ടേഷന്‍ 10 വീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. കൂടാതെ 2019 ലെ പ്രളയബാധിതര്‍ക്കായുള്ള എട്ട് വീടുകള്‍ കൂടി ഈ മാസം തന്നെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ച് കൈമാറാനുള്ള ഒരുക്കത്തിലാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍. എല്ലാ വീടുകളും ഭാവിയില്‍ വിപുലീകരിക്കാവുന്ന പ്ലാനിലാണ് നിര്‍മ്മിക്കുന്നത്.