LiveTV

Live

Kerala

ഇരട്ടക്കൊല: ഡി കെ മുരളി എംഎല്‍എയുടെ മകനെതിരെ ആരോപണവുമായി അടൂര്‍ പ്രകാശ്, അടിസ്ഥാനരഹിതമെന്ന് എംഎല്‍എ

കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണ്. ഇതിന് തുടക്കം കുറിച്ചത് ഡി കെ മുരളി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട ഒരു സംഭവവും- എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്.

ഇരട്ടക്കൊല: ഡി കെ മുരളി എംഎല്‍എയുടെ മകനെതിരെ ആരോപണവുമായി അടൂര്‍ പ്രകാശ്, അടിസ്ഥാനരഹിതമെന്ന് എംഎല്‍എ

2019ൽ വേങ്ങോട് ക്ഷേത്രത്തിൽ ഡി കെ മുരളി എംഎൽഎയുടെ മകനുമായുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകമെന്ന് അടൂര്‍ പ്രകാശ് എംപി. ആ സംഭവവും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് അടൂര്‍ പ്രകാശ് എം പി മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പറഞ്ഞു. ആരോപണം നിഷേധിച്ച ഡി കെ മുരളി, അടൂര്‍ പ്രകാശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ് സംബന്ധിച്ച മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് പുതിയ ആരോപണം അടൂര്‍ പ്രകാശം എം പി ഉന്നയിച്ചത്. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണ്. ഇതിന് തുടക്കം കുറിച്ചത് ഡി കെ മുരളി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട ഒരു സംഭവവും- "ഡി കെ മുരളിയുടെ മകനെ അനുയോജ്യമല്ലാത്ത സ്ഥലത്ത് വെച്ച് ചില ആളുകള്‍ കണ്ടു. അവിടെ നിന്നാണ് പ്രശ്നത്തിന്‍റെ തുടക്കം" എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്.

ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവ് ലഭിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണമാണ് അടൂര്‍ പ്രകാശ് എം പി ഉന്നയിച്ചതെന്നായിരുന്നു ഡി കെ മുരളിയുടെ മറുപടി. സിപിഎം തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് ബദല്‍ ആരോപണം കൊണ്ട് അടൂര്‍ പ്രകാശ് മറികടക്കുന്നതാണോ അതോ ആരോപിക്കപ്പെടുന്ന ഈ സംഭവത്തിന് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നീ സംശയങ്ങള്‍ ഇതോടെ ഉയര്‍ന്നിട്ടുണ്ട്.