LiveTV

Live

Kerala

സംസ്ഥാനത്ത് നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതായി മുല്ലപ്പളളി രാമചന്ദ്രന്‍

വീണുകിട്ടിയ അവസരമായി വെഞ്ഞാറമൂട് കൊലപാതകങ്ങളെ സി.പി.എം ഉപയോഗിക്കുന്നുവെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

സംസ്ഥാനത്ത് നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതായി മുല്ലപ്പളളി രാമചന്ദ്രന്‍

സംസ്ഥാനത്ത് ഇന്നും വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം. കണ്ണൂരില്‍ പത്തിടത്തും കോഴിക്കോട് അഞ്ചിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. ഇടുക്കി, പാലക്കാട്, കായകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. സംസ്ഥാനത്ത് നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് ആക്രമിക്കപ്പെട്ടതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വീണുകിട്ടിയ അവസരമായി വെഞ്ഞാറമൂട് കൊലപാതകങ്ങളെ സി.പി.എം ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ കെപിസിസി അധ്യക്ഷന്‍ സംസ്ഥാനത്ത് നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിക്കപ്പെട്ടതായും പറഞ്ഞു.

ഇന്നലെ രാത്രി കോഴിക്കോട് അഞ്ചിടത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിക്കപ്പെട്ടത്. നാദാപുരം കോര്‍ട്ട് റോഡിലുള്ള മണ്ഡലം കമ്മറ്റി ഓഫീസ് നേരെ സ്റ്റീല്‍ ബോംബേറുണ്ടായി. കക്കോടിയിലെ ഓഫീസ് അടിച്ചു തകര്‍ത്തു. കുരുവട്ടൂരിലെ ഓഫീസിന് നേരെ കല്ലേറുണ്ടായപ്പോള്‍ കുണ്ടായിതോടിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക ലൈബ്രറിക്ക് നേരെ പെട്രോള്‍ ബോംബേറുണ്ടായി. പൊയില്‍കാവിലെ കോണ്‍ഗ്രസ് ഓഫീസും അടിച്ചു തകര്‍ത്തു. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രംഗത്ത് വന്നു.

ആലപ്പുഴയില്‍ കായകുളത്തും ഇടുക്കിയില്‍ കടപ്പനയിലും തൊടുപുഴയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. കണ്ണൂരില്‍ മാത്രം പത്തിടത്ത് ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. കൊടിയേരിയിലും മാടപീടികയില്‍ ബോംബേറുണ്ടായി. പാലക്കാട് തത്തമംഗലത്തും നല്ലേപ്പള്ളിയിലും തിരുവനന്തപുരം വെമ്പായത്തും ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്താകെ കോണ്‍‌ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

തിരുവനന്തപുരത്ത് ഇന്നലെ സി.പി.എം-കോൺഗ്രസ് സംഘർഷമുണ്ടായി. തേമ്പാംമൂട് കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. വെമ്പായം പഞ്ചായത്തിൽ യു.ഡി.എഫ് ഹര്‍ത്താലാണ്.

കന്യാകുളങ്ങരയിലെ കോൺഗ്രസ് ഓഫീസ് ഇന്നലെ ഡി.വൈ.എഫ്.ഐ കല്ലെറിഞ്ഞു തകർത്തു. കൊല്ലപ്പെട്ട. മിഥിലാജിൻറെ മൃതദേഹവുമായി പ്രവർത്തകർ വെമ്പായത്ത് എത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പഞ്ചായത്തിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് ഓഫീസ് ആക്രമിച്ച സംഘം ഓഫീസ് കത്തിക്കുകയും ചെയ്തു.

കാട്ടാക്കടയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറ് നടന്നു. ഇതിൽ പ്രതിഷേധിച്ച് പൂവച്ചൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. വട്ടിയൂർക്കാവിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു.