LiveTV

Live

Kerala

ഇന്ന് ഉത്രാടം; ഉത്രാടപ്പാച്ചിലിനൊരുങ്ങി നാടും നഗരവും

കോവിഡ് പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

ഇന്ന് ഉത്രാടം; ഉത്രാടപ്പാച്ചിലിനൊരുങ്ങി നാടും നഗരവും

ഇന്ന് ഉത്രാടം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ നാടും നഗരവും ഉത്രാടപ്പാച്ചിലിന് ഒരുങ്ങി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം വിപണിയിൽ പ്രകടമാണ്.

തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാന്‍ സാധാരണ മലയാളി, ഉത്രാടത്തിന് രാവിലെ മുതല്‍ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം. എന്നാൽ ഇത്തവണ സാമൂഹ്യഅകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വേണം വ്യാപാര കേന്ദ്രങ്ങളിലെത്താൻ. അതുകൊണ്ട് തന്നെ നാടും നഗരവും സാധാരണയുള്ള ഉത്രാടപാച്ചിലിന്‍റെ പകിട്ടിലേക്ക് ഉയരാനിടയില്ല. കോവിഡ് ആശങ്കയുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് കുറവാണ്. കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല.

അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയുടെ കാലത്ത് ഓണാഘോഷം മിക്കയിടങ്ങളിലും പഴമയിലേക്ക് തിരിച്ച് പോകുകയാണ്. കുട്ടികളൊരുമിച്ച് തൊടികളില്‍ നിന്ന് നാട്ടുപൂക്കള്‍ പറിച്ചും പൂക്കളമിട്ടും വീട്ട് മുറ്റങ്ങളില്‍ ഒത്ത് കൂടിയുമൊക്കെയാണ് ഓണാഘോഷം.

പ്രതിസന്ധികളെ അതിജീവിച്ച് ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ നാളുകള്‍ക്കായുള്ള പ്രതീക്ഷയാണ് ഈ ഓണക്കാലം പകരുന്നത്.

ഇത്തവണ അന്യനാട്ടില്‍ നിന്ന് വണ്ടികയറി പൂക്കളെത്തിയില്ല. ഇതോടെ തൊടിയില്‍ അലങ്കാരമായി വിരിഞ്ഞ പൂക്കള്‍ തേടി കുട്ടികള്‍ ഇറങ്ങി. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പൂക്കളുമായാണ് കുട്ടികള്‍ മടങ്ങിയത്.ഇത്തവണ മണ്ണിന്റെ മണമുള്ള ഓണമാണ്. എല്ലാം മറന്ന് പരസ്പരം അടുക്കാന്‍ പഠിപ്പിച്ച ഓണം.