LiveTV

Live

Kerala

പുതിയ ഇടം തേടാൻ ജോസ് കെ മാണി: പിടികൊടുക്കാതെ സിപിഐ; പാല മണ്ഡലത്തിൽ പിടിമുറുക്കി എന്‍സിപി

ജോസ് കെ മാണിക്ക് പച്ചക്കൊടി സൂചന നൽകി കോടിയേരി ബാലകൃഷ്ണൻ പാർട്ടി പത്രത്തിൽ ലേഖനമെഴുതിയതോടെയാണ് ജോസ് പക്ഷത്ത് പ്രതീക്ഷ ഉണ്ടായത്.

പുതിയ ഇടം തേടാൻ ജോസ് കെ മാണി: പിടികൊടുക്കാതെ സിപിഐ; പാല മണ്ഡലത്തിൽ പിടിമുറുക്കി എന്‍സിപി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചതോടെ ജോസ് കെ മാണിയോട് പൊറുക്കേണ്ടെന്നാണ് യുഡിഎഫിലെ പൊതുധാരണ. ഇക്കാര്യത്തിൽ മുന്നണിയിലെ മറ്റ് കക്ഷികളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇക്കാര്യം മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്‍ലിം ലീഗുമായി ചർച്ച ചെയ്തതായാണ് സൂചന.

ഇതോടെ ഔദ്യോഗിക പുറത്താക്കലിന് മുൻപ് പുതിയ താവളം നേടാനാണ് ജോസ് കെ മാണിയുടെ ശ്രമം. ഇടത് പ്രവേശനത്തിന് നേരത്തെ തന്നെ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം അനുകൂല നിലപാടാണ്. എന്നാൽ പ്രധാന ഘടക കക്ഷിയായ സിപിഐ തന്നെയാണ് വിലങ്ങുതടിയായി നിൽക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്വന്തം പാല വിട്ടുകൊടുത്തുള്ള വിട്ടുവീഴ്ച മണക്കുന്നതിനാൽ എന്‍സിപിയും പാരയാണ്.

ജോസ് കെ മാണിക്ക് പച്ചക്കൊടി സൂചന നൽകി കോടിയേരി ബാലകൃഷ്ണൻ പാർട്ടി പത്രത്തിൽ ലേഖനമെഴുതിയതോടെയാണ് ജോസ് പക്ഷത്ത് പ്രതീക്ഷ ഉണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് എത്താനാണ് ശ്രമം. നിയമസഭയില്‍ അവിശ്വാസ പ്രമേയം വരുന്നതിന് മുൻപ് ജോസ് കെ മാണി കോടിയേരി ബാലകൃഷ്ണനുമായി മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നാണ് സൂചന.

ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടന്നാണ് എന്‍സിപിയിലെ ധാരണ. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ഏറെ നാളുകൾക്ക് ശേഷം പാല പിടിച്ച മാണി സി കാപ്പന്റെ നിലപാട്. രാജ്യസഭ സീറ്റ് നൽകി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തുന്നുണ്ടെങ്കിലും മാണി സി കാപ്പൻ വഴങ്ങാൻ സാധ്യത കുറവാണ്.

ജോസിനെതിരെ യുഡിഎഫ് നടപടിയെടുത്ത വേളയിൽ തന്നെ സിപിഐ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയതാണ്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് കാണിച്ച് സിപിഎം നേതൃത്വവുമായി പരസ്യമായി ഉടക്കിയതുമാണ്. പുതിയ സാഹചര്യത്തിൽ സിപിഐ പരസ്യമായി നിലപാട് വ്യക്തമാക്കിയില്ലെങ്കിലും ജോസിനെതിരെ പെട്ടെന്ന് നിലപാട് മയപ്പെടുത്താൻ സാധ്യത കുറവാണ്. മുന്നണിയിലെ വലിപ്പ ചെറുപ്പ തർക്കങ്ങൾക്ക് പുറമേ പ്രാദേശിക തർക്കങ്ങളും കടന്നു വരും. ജോസ് പക്ഷത്തിന്‍റെ രണ്ട് സിറ്റിംഗ് സീറ്റിൽ ഒന്നായ കാഞ്ഞിരപ്പള്ളിയിലടക്കം തര്‍ക്കം ഉറപ്പാണ്. ഈ കടമ്പകൾ എല്ലാം കടക്കുമ്പോൾ ആരൊക്കെ എങ്ങനൊക്കെ വിട്ടുവീഴ്ചചെയ്യും എന്നതാണ് പ്രശ്നം.