LiveTV

Live

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അറസ്റ്റിലായ ഉടമകളെ കൊച്ചിയിലെത്തിച്ചു; കമ്പനിക്കെതിരെ കൂടുതല്‍ പരാതികള്‍

അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നികുതി വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ധനമന്ത്രി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്;  അറസ്റ്റിലായ ഉടമകളെ കൊച്ചിയിലെത്തിച്ചു; കമ്പനിക്കെതിരെ കൂടുതല്‍ പരാതികള്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ കൊച്ചിയിലെത്തിച്ചു. പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ മക്കളാണ് ഇവര്‍. ഡല്‍ഹിയില്‍ ഇന്നലെയാണ് ഇരുവരും പിടിയിലായത്. ഉച്ചയോടെയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പ്രതികളെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്തി തട്ടിപ്പിനിരയായവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചതോടെയാണ് കൂടുതൽ പേർ പരാതികളുമായി മുന്നോട്ട് വരുന്നത്. മധ്യകേരളം പ്രധാന കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാന്‍സിന് പ്രധാനമായും പത്തനംതിട്ട , കൊല്ലം , കോട്ടയം , അലപ്പുഴ , തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ ശാഖകളുള്ളത്. പത്തനംതിട്ടയിലും കൊല്ലത്തും 200ൽ അധികവും ആലപ്പുഴയിലും തിരുവനന്തപുരത്തും നൂറിലേറെ പരാതികളുമാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്.

കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത 22 പരാതികളിലായി മൂന്നര കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ചങ്ങനാശേരി സ്വദേശിക്ക് 42 ലക്ഷം രൂപയിലധികം നഷ്ടമായി. കൊല്ലത്ത് മാത്രം പോപ്പുലര്‍ ഫിനാന്‍സിനെതിരെ 184 പരാതികളുണ്ട്. ജില്ലയില്‍ നിന്ന് മാത്രം പ്രതികള്‍ അരക്കോടി രൂപയിലേറെ തട്ടിപ്പ് നടത്തി. സംസ്ഥാന വ്യാപകമായി പണം നഷ്ടപ്പെട്ടവർ ചേർന്ന് 25 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ റാന്നി പോലീസ് കേസെടുത്തു.

അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നികുതി വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ട്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും, ചിട്ടി നടത്താന്‍ അനുമതി ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.