LiveTV

Live

Kerala

ലൈഫ് മിഷന്‍ - റെഡ് ക്രസന്‍റ് ഇടപാടില്‍ ലംഘിച്ചത് വിദേശ സഹായ നിയന്ത്രണ നിയമം

മന്ത്രി കെ ടി ജലീലിന്‍റെ കോണ്‍സുലേറ്റ് ബന്ധവും എഫ്സിആര്‍എ നിയമത്തിന്‍റെ ലംഘനമാണ്.

ലൈഫ് മിഷന്‍ - റെഡ് ക്രസന്‍റ് ഇടപാടില്‍ ലംഘിച്ചത് വിദേശ സഹായ നിയന്ത്രണ നിയമം

ലൈഫ് മിഷന്‍ - റെഡ് ക്രസന്‍റ് ഇടപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചത് വിദേശ സഹായ നിയന്ത്രണ നിയമത്തിന്‍റെ വകുപ്പുകള്‍. റെഡ് ക്രസന്‍റിന്‍റെ സഹായം എഫ്സിആര്‍എ നിയമ പ്രകാരം വിദേശ സഹായമാണ്. കേന്ദ്ര അനുമതിയോടെ മാത്രമേ വിദേശ സഹായം സ്വീകരിക്കാന്‍ കഴിയൂ എന്ന വ്യവസ്ഥയാണ് സംസ്ഥാനം പാലിക്കാത്തത്. മന്ത്രി കെ ടി ജലീലിന്‍റെ കോണ്‍സുലേറ്റ് ബന്ധവും എഫ്സിആര്‍എ നിയമത്തിന്‍റെ ലംഘനമാണ്.

എഫ്സിആര്‍എ നിയമത്തിലെ 2 ജെ വകുപ്പാണ് വിദേശ ഏജന്‍സി എന്ത് എന്നത് വിശദീകരിക്കുന്നത്. വിദേശത്തുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരിതര ഏജന്‍സികള്‍ വിദേശ ഏജന്‍സിയാണെന്ന് ഈ വകുപ്പും ഉപ വകുപ്പുകളും വ്യക്തമാക്കുന്നു. വിദേശത്തെ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരിത ഏജന്‍സികള്‍ നല്‍കുന്ന ഏതു തരം സഹായവും വിദേശ സഹായമാണെന്ന് 2 എച്ച് വകുപ്പും വ്യക്തമാക്കുന്നു. റെഡ് ക്രസന്‍റ് വിദേശ ഏജന്‍സിയും സംഭാവന വിദേശ സംഭാവനയും ആയതിനാല്‍ ലൈഫ് റെഡ് ക്രസന്‍റ് ധാരണാ പത്രത്തിനും തുടര്‍ന്നുള്ള നിര്‍മാണത്തിനും എഫ്സിആര്‍എ നിയമ പ്രകാരം കേന്ദ്ര അനുമതി വാങ്ങേണ്ടിയിരുന്നു.

കേന്ദ്ര അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുമ്പോള്‍ സര്‍ക്കാര്‍ ചട്ട ലംഘനം ഉണ്ടായി എന്നത് വ്യക്തം. വിദേശ വിനിമയ ചട്ടം ഫെമ മൂന്നാം വകുപ്പും വിദേശ സംഭാവന സ്വീകരിക്കുന്നത് റിസര്‍വ് ബാങ്കിന്‍റെ അറിവോടെ ആയിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എഫ്സിആര്‍എ, ഫെമ ആക്ടുകളാണ് ലൈഫ് - റെഡ് ക്രസന്‍റ് കരാറില്‍ ലംഘിക്കപ്പെട്ടത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ റമദാന്‍ കിറ്റിനായി പണവും മതഗ്രന്ഥങ്ങളും കൈപ്പറ്റിയതിലും നിയമ ലംഘനം നടന്നിട്ടുണ്ട്. എഫ്സിആര്‍എ നിയത്തിന്‍റെ 3(2 എ) വകുപ്പ് ഇത് വ്യക്തമാകുന്നുണ്ട്. മാത്രമല്ല കേന്ദ്ര സഹായം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എത്തിക്കുന്നവര്‍ക്കോ കൈമാറാന്‍ പാടില്ലെന്ന് അതേ നിയമത്തിന്‍റെ 3(2 ബി)യുടെ ഉപവകുപ്പുകള്‍ നിഷ്കര്‍ഷിക്കുന്നു. യുഎഇ കൌണ്‍സലേറ്റില്‍ നിന്ന് ലഭിച്ച റമദാന്‍ കിറ്റുകള്‍ സിപിഎം ഓഫീസ് കേന്ദ്രീകരിച്ച് വിതരണം ചെയ്ത സംഭവം 3(2 ബി) ഉപവകുപ്പുകളുടെ ലംഘനമാണ്. കേന്ദ്ര അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയതോടെ ലൈഫ് ഇടപാടിലും കെ ടി ജലീല്‍ വിഷയത്തിലും സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആകുമെന്നതില്‍ സംശയമില്ല.