LiveTV

Live

Kerala

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എണ്ണിയെണ്ണി പറയുകയാണ്: അവിശ്വാസത്തിലെ വിശ്വാസം ഉറപ്പിക്കാൻ പോര് തുടരുന്നു

സൈബർ സഭയിൽ ഏറ്റുമുട്ടിയും കണക്കുകള്‍ നിരത്തിയും ഭരണ പ്രതിപക്ഷ അംഗങ്ങള്‍

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എണ്ണിയെണ്ണി പറയുകയാണ്: അവിശ്വാസത്തിലെ വിശ്വാസം ഉറപ്പിക്കാൻ പോര് തുടരുന്നു

തോൽക്കുമെന്ന് ഉറപ്പായിട്ടും സർക്കാറിനെ കുടുക്കാൻ ഒരു കുറ്റപത്രം ലക്ഷ്യമിട്ടാണ് പ്രതിപക്ഷം അവിശ്വാസവുമായി സഭയിലെത്തിയത്. നിലവിലെ ആരോപണങ്ങളും പുതിയ ആരോപണങ്ങളുമായി പ്രതിപക്ഷനിര കത്തിക്കയറി. ഭരണപക്ഷവും ചെറുത്തു നിന്നു. ഇതോടെ അഞ്ച് മണിക്കൂർ നിശ്ചയിച്ച ചർച്ച മണിക്കൂറുകൾ കടന്നു. കപ്പിത്താൻ മുന്നേ മുക്കാൽ മണിക്കുർ സമയം എടുത്ത് തന്‍റെ സർക്കാറിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തെടുത്തു.

ഇതോടെ ആര് തോറ്റെന്ന വമ്പ് പറച്ചിൽ തുടരുകയാണ്. സ്പീക്കർ മുഖ്യമന്ത്രിക്ക് സമയം കൊടുത്ത കാര്യം പറഞ്ഞ് എറിഞ്ഞ് നോക്കി. ഇന്നലെ മുഖ്യമന്ത്രിയുടെ പതിവ് വാർത്താവിതരണ പരിപാടിയിൽ തന്‍റെ പ്രസംഗത്തെ ന്യായീകരിച്ചു. കാര്യങ്ങൾ എണ്ണി എണ്ണി പറഞ്ഞു. തൃശൂരിലായിരുന്ന പ്രതിപക്ഷ നേതാവ് ചിലതൊക്കെ എറിഞ്ഞ് നോക്കി.

മതിവരാത്തതാകാം കോഴിക്കോട് ഡി സി സി ഓഫീസിൽ എത്തി പ്രതിപക്ഷനേതാവ് ഇന്നും എണ്ണി എണ്ണി പറഞ്ഞു. ആരോപണങ്ങളല്ല വസ്തുതകളാണ് പറഞ്ഞത്. മുഖ്യമന്ത്രി ഒന്നിനും മറുപടി പറഞ്ഞില്ലെന്നും കണക്ക് വച്ചു. അവിശ്വാസത്തിൽ ജനം വിജയിച്ചു എന്നും പ്രതിപക്ഷ നേതാവ്.

പ്രതിപക്ഷം ആരെയും തെറി വിളിച്ചിട്ടില്ല. കുലംകുത്തി, പരനാറി എന്നൊക്കെ വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്, ചെന്നിത്തലയും എണ്ണി. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നേമുക്കാൽ മണിക്കൂർ പ്രസംഗിക്കുകയല്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചട്ടം ലംഘിച്ച് നോക്കി വായിക്കുകയായിരുന്നു. എന്നിട്ടും സ്പീക്കർ ഒരു കാര്യവും പറഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം ക്ഷമയോടെ ഈ മൂന്നേമുക്കാൽ മണിക്കൂർ ഇത് കേട്ടിരുന്നു. ഇതിനുശേഷം എഴുതികൊടുത്ത ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വന്നപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതെന്നും പറഞ്ഞ് ചെന്നിത്തല പ്രതിപക്ഷത്തെ ന്യായീകരിച്ചു. പിന്നീട് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സഭാ കാര്യങ്ങൾ എണ്ണി. തങ്ങൾ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കയറിയിട്ടില്ല. കസേര തകർത്തിട്ടില്ല. സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ല. തങ്ങൾ ആരെയും തെറി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

പിന്നീട് അവിശ്വാസ വിജയത്തിന്റെ കണക്ക് എണ്ണി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജപ്പെട്ടുവെന്ന് എല്ലാർക്കും അറിയാം. തങ്ങൾക്ക് നിയമസഭയിൽ അംഗബലം കുറവാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾ സർക്കാരിനെതിരെ അവിശ്വാസം പാസാക്കിയിട്ട് മാസങ്ങളായി. പ്രതിപക്ഷം ഉന്നയിച്ചത് ആരോപണങ്ങളല്ല, വസ്തുകൾ മാത്രമാണ്. ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.

നിയമസഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാതെ പ്രതിപക്ഷം തെറി വിളിക്കുകയായിരുന്നു എന്ന് ഇന്നലെയാണ് മുഖ്യമന്ത്രി ആരോപിച്ചത്. താൻ എല്ലാം പറയാൻ തയ്യാറായിരുന്നു. എന്നാൽ അവർ തടസ്സപ്പെടുത്തി എന്നായിരുന്നു പിണറായിയുടെ എണ്ണൽ. സംസ്കാരമുള്ള കാര്യങ്ങളല്ല അന്നവിടെ കണ്ടത്. കള്ളാ, കള്ളാ എന്നു മുഖത്തു നോക്കി വിളിക്കുകയായിരുന്നു. അതാണോ ശരിയായ മാർഗം? പറയാൻ കൊള്ളാത്ത കാര്യങ്ങളാണു വിളിച്ചു പറഞ്ഞത്. താൻ കൂടുതൽ സമയമെടുത്തതിൽ പ്രതിപക്ഷത്തിനു വിഷമമുണ്ടാകുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഭരണ പ്രതിപക്ഷ സൈബർ സഭയിൽ ഏറ്റുമുട്ടാനുള്ള കണക്കുകളാണ് നിരത്തിയത്. പോര് ഇനിയും നിലക്കില്ല. വിശ്വാസവും അവിശ്വാസവും അന്തരീക്ഷത്തിൽ അങ്ങനെ തന്നെ തുടരും.