LiveTV

Live

Kerala

തലശേരിയില്‍ പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നത് യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുന്നു

നാഷണല്‍ ഹൈവെ അതോറിറ്റിക്കാണ് പാതയുടെ നിര്‍മാണ ചുമതലയെങ്കിലും സംഭവം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ച് വിടാനാണ് യു.ഡി.എഫിന്‍റെ ശ്രമം

തലശേരിയില്‍ പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നത് യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുന്നു

തലശേരി -മാഹി ബൈപ്പാസിൽ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നത് യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുന്നു. നാഷണല്‍ ഹൈവെ അതോറിറ്റിക്കാണ് പാതയുടെ നിര്‍മാണ ചുമതലയെങ്കിലും സംഭവം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ച് വിടാനാണ് യു.ഡി.എഫിന്‍റെ ശ്രമം. ബൈപ്പാസ് നിര്‍മാണം ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടാനുള്ള സര്‍ക്കാരിന്‍റെ അവകാശവാദങ്ങളെ പ്രതിരോധിക്കാനും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്.

മുഴുപ്പിലങ്ങാട്,മുതല്‍ അഴിയൂര്‍ വരെയുളള 9 വില്ലേജുകളിലൂടെയാണ് നിര്‍ദ്ദിഷ്ട തലശേരി-മാഹി ബൈപ്പാസ് കടന്നു പോകുന്നത്. ഇതില്‍ മുഴുപ്പിലങ്ങാട്, ധര്‍മ്മടം,എരഞ്ഞോളി,തലശേരി,തിരുവങ്ങാട് എന്നീ വില്ലേജുകളിലെ ഭൂമി 1992ല്‍ പണം മുടക്കി ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാരാണ്. തുടര്‍ന്ന് നിലച്ച് പോയ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചതിനെ തുടര്‍ന്ന് 2007ലാണ് പുനരാരംഭിച്ചത്. പിന്നെയും പല കാരണങ്ങളാല്‍ നീണ്ട് പോയ ഭൂമി ഏറ്റെടുക്കല്‍ പിണറായി സര്‍ക്കാരാണ് പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഒരു നോഡല്‍ ഓഫീസറെയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.തങ്ങളുടെ വികസന നേട്ടങ്ങളുടെ പട്ടികയിലായിരുന്നു ബൈപ്പാസ് നിര്‍മ്മാണത്തെയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം മധ്യത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന ഘട്ടത്തിലാണ് ബൈപ്പാസിലെ ഏറ്റവും നീളം കൂടിയ പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന് വീണത്.

പിന്നാലെ സംഭവത്തില്‍ സമഗ്ര അന്വേക്ഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. മാത്രവുമല്ല,പ്രതിപക്ഷ നേതാവ് ഇന്ന് സംഭവസ്ഥലത്ത് നേരിട്ടെത്തുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണത് സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടാണന്ന് സ്ഥാപിക്കുന്നതിനൊപ്പം ബൈപ്പാസ് നിര്‍മ്മാണത്തിന്‍റെ അവകാശവാദം ഉന്നയിക്കുന്ന എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കുക എന്നതുകൂടിയാണ് യു.ഡി.എഫ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്.