LiveTV

Live

Kerala

തീപിടിത്തത്തില്‍ നശിച്ച ഫയലുകള്‍ ഏതെന്ന് പരിശോധിക്കാന്‍ നിയോഗിച്ചത് ഇടത് യൂണിയനിലെ സജീവ പ്രവര്‍ത്തകരെ

നാല് പേരും സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയനിലെ സജീവ പ്രവർത്തകരാണ്.

തീപിടിത്തത്തില്‍ നശിച്ച ഫയലുകള്‍ ഏതെന്ന് പരിശോധിക്കാന്‍ നിയോഗിച്ചത് ഇടത് യൂണിയനിലെ സജീവ പ്രവര്‍ത്തകരെ

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ നശിച്ച ഫയൽ ഏതൊക്കെയെന്ന് പരിശോധിക്കാൻ നിയോഗിച്ചത് ഇടത് യൂണിയനിലെ സജീവ പ്രവര്‍ത്തകരെ. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം കിട്ടുമെന്ന് മുഖ്യമന്തി പറഞ്ഞു. മീഡിയവൺ എക്സ്ക്ലൂസീവ്.

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധ സമിതി ആദ്യം ചേർന്ന യോഗത്തിലാണ് നശിച്ച ഫയലുകൾ സംബന്ധിച്ച് പരിശോധന നടത്താൻ പൊതുഭരണ വകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സഹായം വേണമെന്ന ആവശ്യമുന്നയിച്ചത്. ഇത് പരിഗണിച്ചാണ് തീപിടിത്തമുണ്ടായ വിഭാഗത്തിലെ തന്നെ ഉദ്യോഗസ്ഥരെ സർക്കാർ സഹായത്തിനായി നൽകിയത്.

അണ്ടര്‍ സെക്രട്ടറി എ.പി രാജീവന്‍, സെക്ഷൻ ഓഫീസർ ആയ സുദര്‍ശനന്‍, അസിസ്റ്റന്‍റുമാരായ ഹരി പി നായര്‍, പ്രമോദ് എന്നിവരാണ് ഫയൽ പരിശോധിക്കാനായി നിയോഗിക്കപ്പെട്ടവർ. നാല് പേരും സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയനിലെ സജീവ പ്രവർത്തകരാണ്. എ പി രാജീവൻ കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. ഹരി പി നായർ ജോലി ചെയ്യുന്ന സെക്ഷനിലെ ഫയലുകളാണ് കൂടുതലും നശിപ്പിക്കപ്പെട്ടത്.

തീപിടിത്തത്തിന് പിന്നിൽ നിർണായക ഫയലുകൾ നശിപ്പിക്കാനുള്ള ശ്രമം ആയിരുന്നു എന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സജീവ സംഘടനാ പ്രവർത്തകരായ സെക്രട്ടറിയേറ്റ് ജീവനക്കാരെ തന്നെ പരിശോധനയ്ക്ക് നിയോഗിച്ചത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇടത് നേതാക്കളെ നിയോഗിച്ചത് പ്രതിപക്ഷം ആയുധമാക്കും. അതേസമയം സെക്രട്ടറിയേറ്റ് തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള പോലീസ് സംഘവും അന്വേഷണം നടത്തുന്നുണ്ട്.