LiveTV

Live

Kerala

യു.ഡി.എഫ് വിട്ടുവന്നവരുടെ രാഷ്ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും: കേരള കോണ്‍ഗ്രസ് ജോസ് ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്‍കി കോടിയേരി

യുഡിഎഫിലെ ആഭ്യന്തരകലഹത്തില്‍ ഇടപടാനില്ല. യുഡിഎഫിനെയും ബിജെപിയെയും ഒപ്പം നിര്‍ത്തുക ലക്ഷ്യം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മങ്ങലേറ്റെന്നും ദേശാഭിമാനിയില്‍ ലേഖനം..

യു.ഡി.എഫ് വിട്ടുവന്നവരുടെ രാഷ്ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും: കേരള കോണ്‍ഗ്രസ് ജോസ് ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്‍കി കോടിയേരി

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിട്ടുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇത് യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും. യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫോ സിപിഎമ്മോ ഇടപെടില്ലെന്നും കോടിയേരി ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

അയ്യന്‍കാളി സ്മരണയും സംസ്ഥാന രാഷ്ട്രീയവും എന്ന തലക്കെട്ടിലാണ് ലേഖനം. അയ്യന്‍കാളിയുടെ സാമൂഹ്യപരിഷ്കരണങ്ങളെകുറിച്ച് പറഞ്ഞു തുടങ്ങിയ ലേഖനത്തില്‍ പിന്നീട് എങ്ങനെയാണ് അയ്യന്‍കാളിയുടെ സ്വപ്നത്തെ പിണറായി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്നും പറയുന്നുണ്ട്. അയ്യൻകാളിയുടെ സ്വപ്നമായിരുന്നു അരികുവൽക്കരിക്കപ്പെട്ടവർക്ക് നല്ല വിദ്യാഭ്യാസവും പാർപ്പിടവും ലഭിക്കുകയെന്നതും ആരാധനാ സ്വാതന്ത്ര്യവും. ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ എൽഡിഎഫ് സർക്കാർ വലിയൊരു അളവുവരെ വിജയിച്ചു. ലൈഫ് പദ്ധതിയും വിദ്യാലയ ആധുനികവൽക്കരണവും ദളിതരെ ക്ഷേത്രപൂജാരികളായി നിയമിച്ചതും ആ വഴിത്താരയിലെ വഴിവിളക്കുകളാണ് എന്നും ലേഖനത്തില്‍ എടുത്തുപറയുന്നു. ഇത്തരമൊരു സര്‍ക്കാരിനെതിരെയാണ്, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒരു അവിശ്വാസപ്രമേയവുമായി എത്തിയത്. അതോടെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിസന്ധിയിലായത് യുഡിഎഫ് തന്നെയാണെന്നും കോടിയേരി പറയുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാതിരുന്നത് ശ്രദ്ധേയമായ ഒരു രാഷ്ട്രീയ സംഭവവികാസമാണെന്ന് ചൂണ്ടിക്കാട്ടി, എല്‍ഡിഎഫിന്‍റെ ആഭ്യന്തര കലഹത്തിൽ എൽഡിഎഫോ സിപിഎമ്മോ കക്ഷിയാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്‍റെ ലേഖനത്തിലൂടെ നല്‍കിയിരിക്കുന്നത്.