LiveTV

Live

Kerala

ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അക്രമിച്ച സംഭവം; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി

പൊലീസ് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും പൊലീസിന്‍റെ അറിവോട് കൂടിയാണ് ആക്രമണം നടന്നത് എന്നും ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ജന്‍ പറഞ്ഞു

ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അക്രമിച്ച സംഭവം; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി

ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസില്‍ അക്രമിച്ച് കയറി സെക്രട്ടറി അടക്കമുള്ള ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണം. പൊലീസ് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും പൊലീസിന്‍റെ അറിവോട് കൂടിയാണ് ആക്രമണം നടന്നത് എന്നും ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ജന്‍ പറഞ്ഞു .

കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി രാത്രിയാണ് അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘം ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മര്‍ദ്ദിച്ചത്. അക്രമണത്തില്‍ അംഗപരിമിതന്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ജന്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അക്രമണത്തിന് നേതൃത്വം നല്‍കിയ കെട്ടിട നിര്‍മ്മാണ കരാറുകാരന്‍ ഗോപി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഉന്നത രാഷ്ട്രീയ ബന്ധവും പണത്തിന്‍റെ സ്വാധീനവുമുള്ള പ്രതികളെ സംരക്ഷിക്കുന്നതിന് പൊലീസ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തുന്നതിനു പോലീസ് തയ്യാറയില്ലെന്നും ഇതുമായി ബന്ധപ്പെട്ടു കലക്‌ടർക്ക് പരാതി നൽകിയെന്നും സെക്രട്ടറി പറഞ്ഞു.

പൊലീസിന്‍റെ നിസ്സഹരണ നിലപാടുകളിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും രംഗത്തെത്തി. പൊലീസിന്‍റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ശശീന്ദ്രന്‍ പറഞ്ഞു. അക്രമസംഭവങ്ങളിൽ നിയമപരമായി ഇരകളിൽ ഒരാളുടെ മൊഴിയാണ് രേഖപ്പെടുത്തുക എന്ന് ശാന്തൻപാറ പൊലീസ് അധികൃതർ അറിയിച്ചു.