LiveTV

Live

Kerala

സെക്രട്ടേറിയേറ്റിലെ തീപിടിത്തം: സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകി

തീപിടിത്തത്തിന്റെ മറവിൽ പല ഫയലുകളും കടത്തിയെന്ന് ചെന്നിത്തല. പ്രതിപക്ഷ നേതാവ് നടത്തുന്നത് നാണംകെട്ട പ്രചരണമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

സെക്രട്ടേറിയേറ്റിലെ തീപിടിത്തം: സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകി

സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രോട്ടോകോള്‍ ഓഫീസർക്ക് പൊലീസ് കത്ത് നൽകി. നേരത്തെ പൊതുഭരണ വകുപ്പും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രോട്ടോകോള്‍ ഓഫീസിലെ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്റിലെ ഫയലുകളുടെ കണക്കെടുപ്പും ഇന്ന് നടക്കും. തീപിടിത്തത്തില്‍ അസ്വാഭാവികയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെയും അഗ്നിശമന സേനയുടെയും പ്രാഥമിക നിഗമനം.

സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തീപിടിത്തത്തിന്റെ മറവിൽ പല ഫയലുകളും കടത്തി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരാ. പകരം എന്‍ഐഎ തന്നെ അന്വേഷിക്കണം. ചീഫ് സെക്രട്ടറി സെക്യൂരിറ്റി ഓഫീസറെ പോലെയാണ് എംഎല്‍എമാരോട് പെരുമാറിയതെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ സെക്രട്ടേറിയേറ്റ് തീപിടിത്തത്തിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് നടത്തുന്നത് നാണംകെട്ട പ്രചരണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അദ്ദേഹത്തിന് പ്രതിപക്ഷ നേതാവിയിരിക്കാന്‍ അര്‍ഹതയില്ല. തീപിടിത്തമുണ്ടായത് ഷോര്‍ട് സര്‍ക്യൂട്ടിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ എല്ലാവര്‍ക്കുമറിയാം. തീപിടിത്തമുണ്ടായ സമയത്ത് സെക്രട്ടേറിയേറ്റിലുള്ള മന്ത്രിമാര്‍ എത്തുന്നതിന് മുമ്പ് ചെന്നിത്തലയും കെ സുരേന്ദ്രനുമെത്തിയതില്‍ ദുരൂഹതയുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തില്‍ അന്വേഷണം പ്രഹസനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അന്വേഷണത്തെ വഴിതെറ്റിക്കാൻ മന്ത്രിമാർ തന്നെ രംഗത്തിറങ്ങുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.