സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിയ സംഭവം: എന്‍ഐഎ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും
ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നു.

സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തി നശിച്ച സംഭവം രാഷ്ട്രീയായുധമാക്കി യുഡിഎഫ്, ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് ഇന്ന് നിവേദനം നല്‍കും.
സെക്രട്ടറിയേറ്റില്‍ പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഫയലുകള്‍ നഷ്ടപ്പെട്ടെന്ന് അറിഞ്ഞ മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷനേതാവും എംഎല്‍എമാരും സെക്രട്ടറിയേറ്റിലേക്കെത്തി പ്രതിഷേധത്തിന് തുടക്കമിട്ടു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുകയാണ്.
സെക്രട്ടറിയേറ്റിലേക്കും പ്രാദേശികതലത്തും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചുണ്ടാകും, ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ന് രേഖാമൂലം നിവേദനം നല്‍കും. എന്‍ഐഎ ഉള്‍പ്പടെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നില്‍ സംഭവമെത്തിക്കാനുള്ള നീക്കങ്ങളും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. കള്ളക്കടത്ത്, ലൈഫ് ഇടപാട് എന്നിവയില്‍ സര്‍ക്കാരിനെതിരായ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ആലോചിക്കുന്ന പ്രതിപക്ഷത്തിന് നല്ല ആയുധമായി മാറും സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം എന്നാണ് വിലയിരുത്തല്‍. ബിജെപിയും ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്. മുസ്ലിംലീഗ് വെല്‍ഫയര്‍ പാര്‍ട്ടി എസ്ഡിപിഐ സംഘടനകളും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.