LiveTV

Live

Kerala

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഒരു വർഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് മുരളി തുമ്മാരുകുടി

കാര്യങ്ങൾ നിലവിൽ നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം ഫേസ്‍ബുക്കിൽ കുറിച്ചു.

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഒരു വർഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് മുരളി തുമ്മാരുകുടി

സെക്രട്ടിയേറ്റിലെ തീപിടുത്തത്തിൽ മുന്നറിയിപ്പുമായി യുഎന്‍ ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി. തീപിടിക്കാനുള്ള സാഹചര്യം സെക്രട്ടേറിയറ്റിലുണ്ടെന്ന് ഒരു വർഷം മുമ്പ് എഴുതിയിരുന്നു. എന്നാൽ, കാര്യങ്ങൾ നിലവിൽ നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം, വലിയ തീപിടുത്തമല്ലെന്നും ചില ഗസറ്റുകൾ കത്തി നശിച്ചതായും കാണുന്നു എന്നാണ് സെക്രട്ടേറിയറ്റിലെ തീപിടുത്തത്തെ കുറിച്ച് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സുപ്രധാന ഫയലുകൾ ഒന്നും കത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫയലിനകത്ത് എന്തുമാകട്ടെ, പക്ഷെ സെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തം ഉണ്ടാകുമെന്ന് ഒരു വർഷം മുൻപ് ഞാൻ പറഞ്ഞിരുന്നതാണ്– അദ്ദേഹം എഴുതുന്നു.

സെക്രട്ടേറിയേറ്റിൽ തീ പിടിക്കുന്പോൾ... സെക്രട്ടേറിയേറ്റിൽ തീ പിടുത്തമുണ്ടായി എന്നും കുറച്ചു ഫയലുകൾ കത്തി നശിച്ചുവെന്നും...

Posted by Muralee Thummarukudy on Tuesday, August 25, 2020

"അപ്പോൾ തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം. ഇതിപ്പോൾ തിരക്കുള്ള നഗരത്തിന്റെ മാത്രം കാര്യമല്ല. നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ദ്ധർ തലയിൽ കൈ വച്ച് ഉടൻ സ്ഥലം കാലിയാക്കാൻ നോക്കും. മരത്തിന്റെ ഫ്ലോർ, പ്ലൈവുഡിന്റെ പാനൽ, എവിടെയും കെട്ടുകെട്ടായി ഫയലുകൾ, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകൾ, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളിൽ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദർശകർക്ക് ഒട്ടും പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒക്കെ റൂമിനടുത്തുകൂടെ പോകുമ്പോൾ ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയർ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ ?. ഏതെങ്കിലും കാലത്ത് ഒരു ഫയർ ഡ്രിൽ അവിടെ സാധിക്കുമോ ?. എന്നാണ് ഭരണ സിരാകേന്ദ്രത്തിന് "തീ പിടിക്കുന്നത്". എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവർ അവിടെ ഉണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോർത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! "

(റബർ കഴുത്തുകളുടെ കേന്ദ്രം, ഫെബ്രുവരി 20, 2019)

അതെഴുതിയ സമയത്ത് കാര്യങ്ങൾ ഒക്കെ നിയന്ത്രണത്തിൽ ആണെന്നും ആശങ്ക വേണ്ട എന്നും പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ അതിന് ശേഷവും ഞാൻ സെക്രട്ടറിയേറ്റിൽ പോയിരുന്നു. പഴയ കെട്ടിടങ്ങൾ, മരത്തിന്റെ ഗോവണി, കൂട്ടിയിട്ടിരിക്കുന്ന ഫയലുകൾ ഒക്കെ അന്നും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്നുണ്ടായതിലും എത്രയോ വലുതും നാശകാരിയുമായ അഗ്നിബാധ അവിടെ എന്ന് വേണമെങ്കിലും ഉണ്ടാകാം.

അതുകൊണ്ട് ഈ അഗ്നിബാധ ഒരു മുന്നറിയിപ്പായി കാണുക, നല്ല സുരക്ഷ ഓഡിറ്റ് നടത്തുക, പരമാവധി അപകട സാദ്ധ്യതകൾ ഒഴിവാക്കുക, കൂടുതൽ അഗ്നിശമന സംവിധാനം ഉണ്ടാക്കുക, ആളുകൾക്ക് പരിശീലനം നൽകുക, ആറുമാസത്തിൽ ഒരിക്കലെങ്കിലും മോക്ക് ഡ്രിൽ നടത്തുക.

ഇല്ലെങ്കിൽ ഇതിലും വലിയ തീപിടുത്തവും ആൾ നാശവും ഒക്കെ നാം കാണും.’ കുറിപ്പില്‍ വ്യക്തമാക്കുന്നു.