LiveTV

Live

Kerala

'ഈ കപ്പൽ ആടി ഉലയുമെന്നത്‌ നിങ്ങളുടെ സ്വപ്‌നം മാത്രമാണ്‌. അതിനൊരു കപ്പിത്താൻ ഉണ്ട്,അവിശ്വാസ പ്രമേയം രാഷ്ട്രീയ അബദ്ധം'; വീണ ജോര്‍ജ്

അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സാധാരണക്കാരന്റെ കഞ്ഞിയില്‍ പാറ്റയിടരുതെന്നും വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞു

'ഈ കപ്പൽ ആടി ഉലയുമെന്നത്‌ നിങ്ങളുടെ സ്വപ്‌നം മാത്രമാണ്‌. അതിനൊരു കപ്പിത്താൻ ഉണ്ട്,അവിശ്വാസ പ്രമേയം രാഷ്ട്രീയ അബദ്ധം'; വീണ ജോര്‍ജ്

വി.ഡി സതീശന്‍ സഭയില്‍ മുമ്പ് അവതരിപ്പിച്ച അടിയന്തിര പ്രമേയങ്ങളെക്കാള്‍ എത്രയോ നിലവാരം കുറഞ്ഞ പ്രമേയമാണ് ഈ അവിശ്വാസ പ്രമേയമെന്ന് വീണാ ജോര്‍ജ്.അവിശ്വാസ പ്രമേയം രാഷ്ട്രീയ അബദ്ധം, യഥാര്‍ഥത്തില്‍ പ്രതിപക്ഷം അവിശ്വാസം അവതരിപ്പിക്കേണ്ടത് സ്വന്തം പ്രതിപക്ഷ നേതാവിനെതിരെയാണെന്നും വീണ ഉന്നയിച്ചു.

സർക്കാരിനെതിരെ കൃത്യമായ ഒരു ആരോപണം ഉന്നയിക്കാൻ അവർക്ക്‌ കഴിഞ്ഞിട്ടില്ല, അഴിമതിയുടെ ചെളിക്കുണ്ടിൽ കിടക്കാൻ ഇടതുപക്ഷത്തെ കിട്ടില്ല. എത്ര ദുർബലമായ വാദങ്ങളാണ്‌ ഓരോ വിഷയത്തിലും കോടതിയിൽ പോയി പറയുന്നതെന്ന് വീണാ ജോര്‍ജ് ചോദിച്ചു‌. സ്വര്‍ണക്കടത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ മുസ്ലീം ലീഗ് പ്രതികളെ കുറിച്ച് മൗനം പാലിച്ചതെന്തുകൊണ്ട്?, റമീസും മുഹമ്മദ്‌ ഷാഫിയുമെല്ലാം ലീഗ്‌ ബന്ധമുള്ളവരാണ്‌. മാത്രമല്ല, എത്രയോ സ്വർണക്കടത്ത്‌ കേസുകളാണ്‌ ലീഗ്‌ പ്രവർത്തകരുടെ പേരിൽ ഉള്ളതെന്നും വീണ ജോര്‍ജ് പറഞ്ഞു‌.

പ്രതിപക്ഷ എംഎല്‍എ മാരുടെ മണ്ഡലങ്ങളിലെല്ലാം ആയിരത്തിലധികം വീടുകളാണ് ലൈഫ് മിഷന്‍ വഴി നിര്‍മിച്ചു. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് ഈ സര്‍ക്കാര്‍ നടത്തിയത്. ദയവുചെയ്ത് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സാധാരണക്കാരന്റെ കഞ്ഞിയില്‍ പാറ്റയിടരുതെന്നും വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞു.

കോവിഡാനന്തര ലോകത്തിന് ഈ സർക്കാർ കാണിച്ചു കൊടുക്കാൻ പോകുന്ന മാതൃകയാണ് സുഭിക്ഷ കേരളമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ മേഖല കൂടി തുറന്നുകൊടുത്തിട്ടും ഭൂരിപക്ഷം അളുകളും ഇപ്പോഴും ആശ്രയിക്കുന്നത് ഗവണ്‍മെന്റ് ആശുപത്രികളെയാണ് അത് ഈ സര്‍ക്കാര്‍ പൊതുജനാരോഗ്യ മേഖലയില്‍ വരുത്തിയ മാറ്റത്തിന്റെ തെളിവാണെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.