LiveTV

Live

Kerala

ഈ അവിശ്വാസപ്രമേയം മല എലിയെ പിടിക്കുന്ന പോലെ, പ്രതിപക്ഷം പ്രതികളുടെ പക്ഷമാകരുത്: എല്‍ഡിഎഫ്

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാകുമെന്ന് എസ് ശര്‍മ

ഈ അവിശ്വാസപ്രമേയം മല എലിയെ പിടിക്കുന്ന പോലെ, പ്രതിപക്ഷം പ്രതികളുടെ പക്ഷമാകരുത്: എല്‍ഡിഎഫ്

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം മല എലിയെ പിടിക്കുന്ന പോലെയെന്ന് എസ് ശര്‍മ എംഎല്‍എ. പ്രതിപക്ഷത്ത് മുന്നണി സംവിധാനം അലങ്കോലമായി. പ്രതിപക്ഷത്ത് നിന്നുള്ള എംഎല്‍എമാരുടെ എണ്ണം കുറഞ്ഞില്ലേ? കുത്തക മണ്ഡലമായ പാല, വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവ നഷ്ടപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാകുമെന്നും എസ് ശര്‍മ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള ബിജെപി പ്രസിഡന്‍റിന്‍റെ വാക്കുകള്‍ യുഡിഎഫ് നേതൃത്വം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ല എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ ബിജെപി ഗവണ്മെന്‍റ് സ്ഥലം മാറ്റി. മാധ്യമങ്ങള്‍ സന്ദീപിനെ സിപിഎമ്മുകാരനാക്കി. എന്‍ഐഎക്ക് സിസിടിവി ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്ന് പ്രചാരണമുണ്ടായി. പൊലീസ് സഹായത്തോടെയാണ് സ്വപ്ന കേരളം വിട്ടതെന്ന് പ്രചാരണമുണ്ടായി. ഇതൊക്കെ പിന്നീട് പൊളിഞ്ഞുവെന്നും ശര്‍മ പറഞ്ഞു.

പിണറായി സര്‍ക്കാറിനെ പുറത്താക്കാനുള്ള ഗൂഢാലോചന നടക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടതിനാണോ അവിശ്വാസ പ്രമേയം? സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഒരു ഏജന്‍സിയും പറഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തില്‍ രാജ്യദ്രോഹക്കുറ്റം മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തിട്ടുണ്ടെങ്കില്‍. നിങ്ങള്‍ തെളിവ് കൊടുക്കണം. തെളിവ് കൊടുക്കാന്‍ നിങ്ങള്‍ക്ക് മുട്ടുവിറക്കും. കോണ്‍ഗ്രസിന് ഒരു പ്രസിഡന്‍റിനെ പോലും തെരഞ്ഞെടുക്കാന്‍ പറ്റുന്നില്ല. കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനം ജനാധിപത്യത്തേയും സെക്യുലറിസത്തേയും അപകടപ്പെടുത്തുന്നു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ബാബരി പള്ളി തകര്‍ന്നുവെന്നും ശര്‍മ പറഞ്ഞു.

പ്രതിപക്ഷം പ്രതികളുടെ പക്ഷമാകരുതെന്ന് മുല്ലക്കര രത്നാകരന്‍ പറഞ്ഞു. ജനങ്ങളുടെ പക്ഷമാകണം. ജനങ്ങളുടെ പ്രശ്നങ്ങളാണ് സഭയില്‍ ഉന്നയിക്കേണ്ടത്. ചരിത്രത്തിലില്ലാത്ത പ്രതിസന്ധികളെയാണ് കേരളം അഭിമുഖീകരിക്കുന്നത്. പട്ടിണി കിടക്കാതിരിക്കാനാണ് കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് കിറ്റ് നല്‍കിയത്. മണ്ണിട്ട് മൂടിയ നിലങ്ങളില്‍ കൃഷി തുടങ്ങി വിജയിപ്പിച്ച സര്‍ക്കാറാണിത്. കേരളത്തിന്‍റെ മിഷനാണ് ലൈഫ്. എല്ലാത്തിനും സിബിഐ വേണമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത്. കേരളത്തിലെ മുഖ്യമന്ത്രി എന്തെങ്കിലും അന്വേഷണത്തിന് തടസ്സമായി നിന്നിട്ടുണ്ടോ എന്നും മുല്ലക്കര ചോദിച്ചു.