LiveTV

Live

Kerala

മുഖ്യമന്ത്രിയാണ് പ്രതി, മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ഇടത്തും വലത്തുമിരുന്ന് പ്രാണായാമം ചെയ്യുകയാണ്: കെ എം ഷാജി

മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല, സീനിയര്‍ മാന്‍ഡ്രേക്കാണെന്നും കെ എം ഷാജി

മുഖ്യമന്ത്രിയാണ് പ്രതി, മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ഇടത്തും വലത്തുമിരുന്ന് പ്രാണായാമം ചെയ്യുകയാണ്: കെ എം ഷാജി

ആത്മവിശ്വാസം നഷ്ടപ്പെട്ട, പ്രതീക്ഷകള്‍ തല്ലിത്തകര്‍ക്കപ്പെട്ട ജനതയുടെ അവിശ്വാസമാണിതെന്ന് കെ എം ഷാജി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയാണ് പ്രതി. മുഖ്യമന്ത്രി ഇല്ലാതെ ഓഫീസ് ഇല്ല. അദ്ദേഹം ജൂനിയര്‍ മാന്‍ഡ്രേക്കല്ല, സീനിയര്‍ മാന്‍ഡ്രേക്കാണെന്നും കെ എം ഷാജി പറഞ്ഞു.

സ്വപ്‌നയുടെ കവിളില്‍ തട്ടുമ്പോള്‍ കരഞ്ഞുതളര്‍ന്ന അമ്മയുടെ കണ്ണുനീരാണ്‌ മറന്നുപോകുന്നത്. മദ്യപിച്ച് മദോന്മത്തനായ ഒരാള്‍ കാറിടിച്ച് കൊന്ന കെ എം ബഷീറിനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? കോവിഡിന്റെ മറവില്‍ ആ ഉദ്യോഗസ്ഥനെ പുന:പ്രതിഷ്ഠിച്ചില്ലേ. ബഷീറിന്റെ കുടുംബത്തിന്റെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരെയുള്ള അവിശ്വാസമുണ്ട്. ശൈലജ ടീച്ചര്‍ക്കറിയുമോ പാലത്തായിയിലെ കൊച്ചുകുട്ടിയെ? സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി നിങ്ങള്‍ ആ കേസിനെ അട്ടിമറിയ്ക്കുമ്പോള്‍ ആ കുട്ടിയുടെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരെയുള്ള അവിശ്വാസമുണ്ട്. അലന്റെയും താഹയുടെയും അമ്മമാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാരിനെതിരായ അവിശ്വാസമുണ്ട്. പിഎസ്‍സി എഴുതിയ ചെറുപ്പക്കാരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസമുണ്ട്. ഈ നാട് അഭയം നല്‍കുമെന്ന് കരുതി നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെയാണ് കോവിഡ് കാലത്ത് നിങ്ങള്‍ ചതിച്ചത്. ആ പ്രവാസികളുടെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസമുണ്ട്. കൃപേഷിന്റേയും ശരത് ലാലിന്റെയും ഷുഹൈബിന്റെയും ഷുക്കൂറിന്റെയും അങ്ങനെ 100 കണക്കിന് അമ്മമാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാരിനെതിരായ അവിശ്വാസമുണ്ടെന്ന് കെ എം ഷാജി പറഞ്ഞു.

എന്തിന് അവിശ്വാസം കൊണ്ടുവരുന്നുവെന്ന് ചോദിച്ചാല്‍ ജനങ്ങള്‍ക്ക് ഇടയില്‍ ജീവിക്കുന്നത് കൊണ്ടാണെന്നാണ് ഉത്തരമെന്ന് കെ എം ഷാജി പറഞ്ഞു. ഇങ്ങനെ നെറികേട് കാണിച്ച മറ്റൊരു സര്‍ക്കാരുണ്ടാകില്ല. ഇവിടുത്തെ വനിതാ പത്രപ്രവര്‍ത്തകരെ പോലും എന്ത് വൃത്തികേടും പറയാന്‍ നിങ്ങളാണ് സഹായം ചെയ്ത് കൊടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം പോലും മറന്നുപോയി ഒരു റേഡിയോയുടെ മുമ്പില്‍ എന്ന പോലെ മാസങ്ങളോളം മുഖ്യമന്ത്രിയുടെ മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ സഹികെട്ടപ്പോള്‍ അവര്‍ ചോദ്യം ചോദിക്കാന്‍ തീരുമാനിച്ചു. അന്നാണ് നിങ്ങള്‍ ഇളകിയത്. ചോദ്യങ്ങളെ ഭയപ്പെടുന്ന, ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അസഹിഷ്ണുവാകുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ നാടിന്റെ ശാപമെന്നും കെ എം ഷാജി പറഞ്ഞു.

കോവിഡിന് മുന്നേ തന്നെ ക്വാറന്റീന്‍ കണ്ടുപിടിച്ച മഹാനായ മുഖ്യമന്ത്രിയാണ് അങ്ങ്. നിങ്ങള്‍ ആദ്യം ക്വാറന്റീനിലാക്കിയത് വി.എസ് അച്ചുതാനന്ദനെയാണ്. രണ്ടാമത് പാര്‍ട്ടി സെക്രട്ടറിയെയാണ്. പിന്നെ ഓരോരൊ മന്ത്രിമാരെയായി ക്വാറന്റീനിലേക്ക് വിട്ടു. വല്യ തിരക്കുള്ള ഒരാള്‍ എ.സി മൊയ്തീനാണ്. അദ്ദേഹം കരിപ്പൂര്‍ വിമാന ദുരന്തമുണ്ടാകുന്നതിന്റെ തലേന്ന് തന്നെ അവിടെ പോയി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ്. വേറൊരു മന്ത്രി ആത്മീയ കള്ളക്കടത്തിന്റെ തിരക്കിലാണ്. ഇവിടെ വേറെ രണ്ട് മന്ത്രിമാരുണ്ട്. ശൈലജ ടീച്ചറും അതുപോലെ ചന്ദ്രശേഖരനും. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും. എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ഒരേ ശ്വാസം വിടല്‍. പിന്നെയൊരു നല്ല മന്ത്രിയുള്ളത് ജി സുധാകരനാണ്. അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ ദുര്‍ഗന്ധം ഒക്കെ പോയി സുഗന്ധം ആണെന്നാണ്. പ്രിയപ്പെട്ട സുധാകരന്‍ അങ്ങ് നാല് കൊല്ലം അഴിമതിയുടെ നാറ്റം സഹിച്ചത് കൊണ്ട് ഇപ്പോള്‍ സുഗന്ധമായി തോന്നുകയാണ്. ഇതുപോലെ ഒരു ഗവണ്‍മെന്റ് ഉണ്ടായിട്ടുണ്ടോ. പണ്ട് പാര്‍ട്ടി ക്ലാസുകളില്‍ ദാസ് ക്യാപിറ്റലിസവും കമ്മ്യൂണിസവും പഠിപ്പിച്ചുവെങ്കില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് ചോര പുരാണം ആണ്. എങ്ങനെ പ്രളയ ഫണ്ട് അടിച്ചുമാറ്റാമെന്നൊക്കെയാണ് പഠിപ്പിക്കുന്നത്. ജനങ്ങളുടെ കോടതിയില്‍ നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ഏത് അന്വേഷണവും നേരിടുമെന്ന് ഇടക്കിടക്ക് പറയണമെന്നില്ല. നാല് കൊല്ലത്തെ ഭരണം പരിശോധിച്ചാല്‍ മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല, സീനിയര്‍ മാന്‍ഡ്രേക്കാണെന്നും കെ എം ഷാജി പറഞ്ഞു.