LiveTV

Live

Kerala

'ലീഗിൽ ജമാഅത്ത്‍വല്‍ക്കരണം, കോണ്‍ഗ്രസില്‍ ബി.ജെ.പിവൽക്കരണം' മുഖ്യമന്ത്രി

കോൺഗ്രസ് വർഗീയതയുടെ കാര്യത്തിൽ ബി.ജെ.പിയുടെ ബി ടീമായി.

'ലീഗിൽ ജമാഅത്ത്‍വല്‍ക്കരണം, കോണ്‍ഗ്രസില്‍ ബി.ജെ.പിവൽക്കരണം' മുഖ്യമന്ത്രി

അവിശ്വാസ പ്രമേയത്തിന്‍റെ മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെ രൂക്ഷമായി കടന്ന് ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് വർഗീയതയുടെ കാര്യത്തിൽ ബി.ജെ.പിയുടെ ബി ടീമായി. കേരളത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ, ജനാധിപത്യ വിരുദ്ധ പ്ലാറ്റ്ഫോം ഉയരുന്നു. മുസ്‍ലിം ലീഗിൽ ജമാഅത്ത്‍വല്‍ക്കരണം. കോൺഗ്രസിൽ ബി.ജെ.പിവൽക്കരണവും നടക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

സ്വർണക്കടത്തിന്റെ പേരിൽ തെറ്റിദ്ധാരണ പടർത്താനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനം അന്വേഷിച്ചില്ലെന്ന ആരോപണം പുകമറ സൃഷ്ടിക്കാനാണ്‌. ഇനി മുഖ്യപ്രതിപക്ഷമാകാൻ കഴിയുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കര്‍ സമയം നീട്ടി നല്‍കുകയും പ്രസംഗത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നതെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ വിമര്‍ശിച്ചു.

ഭരണ-പ്രതിപക്ഷ കക്ഷി അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൻമേൽ മറുപടി പ്രസംഗം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു.

87 അംഗങ്ങൾ പ്രമേയത്തെ എതിർത്തും 40 അംഗങ്ങൾ അനുകൂലിച്ചും വോട്ട് ചെയ്തു. മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. വോട്ടെടുപ്പിൽ പ്രമേയം പരാജയപ്പെട്ടതോടെ അനിശ്ചിത കാലത്തേക്ക് സഭ പിരിഞ്ഞതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിക്കുകയായിരുന്നു.