LiveTV

Live

Kerala

രാജ്യസഭ തെരഞ്ഞെടുപ്പ്: യുഡിഎഫ് വിപ്പ്, ജോസ് പക്ഷത്തെ കുടുക്കാൻ

മുന്നണി ബന്ധത്തിന്‍റെ കാര്യത്തിൽ ജോസ് പക്ഷം പരസ്യനിലപാട് സ്വീകരിക്കേണ്ടിവരും.

രാജ്യസഭ തെരഞ്ഞെടുപ്പ്: യുഡിഎഫ് വിപ്പ്, ജോസ് പക്ഷത്തെ കുടുക്കാൻ

യുഡിഎഫിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതോടെ ഇരുമുന്നണികളുമായി അകലം പാലിച്ച കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ വെട്ടിലാക്കുന്നതായി യുഡിഎഫ് വിപ്പ്. മുന്നണിയിലെ പാര്‍ട്ടികള്‍ നല്‍കുന്ന വിപ്പിന് പുറമെയാണ് കേരള കോണ്‍ഗ്രസിലെ അഞ്ചംഗങ്ങള്‍ക്കും യു.ഡി.എഫ് മൂന്നുവരി വിപ്പ് നല്‍കിയത്.ഇതോടെ മുന്നണി ബന്ധത്തിന്‍റെ കാര്യത്തിൽ ജോസ് പക്ഷം പരസ്യനിലപാട് സ്വീകരിക്കേണ്ടിവരും.

നിയമസഭയിലെ യു.ഡി.എഫ് വിപ്പ് സണ്ണി ജോസഫാണ് മൂന്നുവരി വിപ്പ് നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിപ്പ് ബാധകമല്ലെങ്കിലും അതുകൂടി ചേര്‍ത്താണ് നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലെ ചര്‍ച്ചകളിലും എന്ത് നിലപാട് സ്വീകരിക്കണമെന്നാണ് വിപ്പില്‍ നിർദേശം. നിയമസഭാ നടപടികളില്‍ മൂന്നുവരി വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കുന്നതുള്‍പ്പെടെ നടപടികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

എന്നാല്‍, മുന്നണിയുടെ വിപ്പിന് എത്രമാത്രം നിയമസാധുതയുണ്ടാകുമെന്ന സംശയവുമുണ്ട്. പാർട്ടി നിലപാടുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം അംഗങ്ങൾക്ക് അതത് പാര്‍ട്ടിയാണ് വിപ്പ് നല്‍കേണ്ടത്. ഇതനുസരിച്ച് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും പരസ്പരം വിപ്പ് നല്‍കി. ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഇരുപക്ഷവും നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്നും അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. എന്നാൽ, ജോസഫ് വിഭാഗത്തിന്‍റെ നിലപാട് യു.ഡി.എഫിന് അനുകൂലമാണ്.